
തിരുവനന്തപുരം: പിഎസ്എൽവി സി 62 വിക്ഷേപണം നാളെ നടക്കും. രാവിലെ 10.17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് ദൗത്യം. 2026ലെ ആദ്യ വിക്ഷേപണ ദൗത്യത്തിനാണ് ഇസ്രോ സജ്ജമായിരിക്കുന്നത്. 2025 മേയിലെ പരാജയശേഷമുള്ള പിഎസ്എൽവിയുടെ തിരിച്ചുവരവാണിത്. ഇഒഎസ് എൻ വൺ അന്വേഷയടക്കം പതിനാറ് പേ ലോഡുകളാണ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് അയക്കുന്നത്. ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് വഴിയുള്ള വാണിജ്യ വിക്ഷേപണമെന്ന് പറയുമ്പോഴും അന്വേഷ ഒരു തന്ത്രപ്രധാന ഉപഗ്രഹമാണ്. ഹൈപ്പർസ്പെക്ട്രൽ ഇമേജിങ്ങ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഉപഗ്രഹം ഭൗമ നിരീക്ഷണത്തിൽ മുതൽക്കൂട്ടാകും.
അന്വേഷയ്ക്ക് പുറമേയുള്ള പതിനഞ്ച് പേലോഡുകളിൽ യുകെ, ബ്രസീൽ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള ചെറു ഉപഗ്രഹങ്ങളും, ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ പരീക്ഷണങ്ങളുമുണ്ട്. ബഹിരാകാശത്ത് ചെന്ന ശേഷം തിരികെ ഭൂമിയിലേക്ക് വരുന്ന സ്പാനിഷ് സ്റ്റാർട്ടപ്പായ ഓർബിറ്റൽ പാരഡൈമിന്‍റെ കിഡ് ആണ് മറ്റൊരു ശ്രദ്ധേയ പേലോഡ്. ഇന്ത്യൻ കമ്പനിയായ ഓർബിറ്റ് എയിഡിന്‍റെ ആയുൽസാറ്റ് എന്നൊരു ചെറു ഉപഗ്രഹവും ദൗത്യത്തിന്‍റെ ഭാഗമാണ്. ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന സാങ്കേതിക വിദ്യയുടെ പരീക്ഷണമാണ് ലക്ഷ്യം. ഇത് വിജയിച്ചാൽ അതും ചരിത്രമാകും. രാഹുൽ മൂന്ന ധ്രുവ സ്പേസ് എന്ന ഇന്ത്യൻ സ്റ്റാർട്ടപ്പിന്‍റെ അഞ്ച് ചെറു ഉപഗ്രഹങ്ങളും പിഎസ്എൽവി സി 62 ബഹിരാകാശത്ത് എത്തിക്കും. 2025 മേയ് പതിനെട്ടിനായിരുന്നു പരാജയപ്പെട്ട പിഎസ്എൽവി സി 61 വിക്ഷേപണം. റോക്കറ്റിന്‍റെ മൂന്നാംഘട്ടത്തിലെ സാങ്കേതിക പ്രശ്നമായിരുന്നു അന്ന് വില്ലൻ. ദൗത്യത്തിന്‍റെ പരാജയ പഠന റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഇനിയൊരിക്കലും സമാന പ്രശ്നമുണ്ടാകില്ലെന്നാണ് ഐഎസ്ആർഒ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam