ഐവി ഡ്രിപ്പ് മാറ്റുന്നതിനിടെ അബദ്ധത്തിൽ അനിത കുട്ടിയുടെ കൈ വിരൽ മുറിക്കുകയായിരുന്നു. ബാലകുമാറിന്റെ ഇടതുകയ്യിലെ ചെറുവിരലാണ് മുറിഞ്ഞുപോയത്.

ബെംഗളൂരു: ഐവി ഡ്രിപ്പ് മാറ്റുന്നതിനിടെ നഴ്സിന്റെ പിഴവ്. ആറ് മാസം പ്രായമുളള കുഞ്ഞിന് നഷ്ടമായത് വിരൽ. ബെംഗളൂരുവിലെ ഇന്ദിരാനഗറിലെ ചിന്മയ മിഷൻ ആശുപത്രിയിലാണ് സംഭവം. സംഭവത്തിൽ നഴ്സിനും ഡോക്ടറിനും ഹോസ്പിറ്റൽ മാനേജ്മെന്റിനുമെതിരെ ഇന്ദിരാനഗർ പൊലീസ് കേസ് എടുത്തു. ഫെബ്രുവരി 24ാം തിയതി ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കും രാത്രി 8 മണിക്കും ഇടയിലാണ് സംഭവം. വിജയ്കുമാർ ജെ എന്നയാളുടെ ആറ് മാസം പ്രായമുള്ള മകൻ ബാലകുമാർ വിയുടെ വിരലാണ് ചികിത്സാപിഴവിൽ നഷ്ടമായത്. കടുത്ത പനിയേ തുടർന്നാണ് കുട്ടിയെ ഫെബ്രുവരി 19ന് ആശുപത്രിയിൽ എത്തിയത്. തുടർ ചികിത്സയ്ക്കായി അന്നേ ദിവസം തന്നെ കുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. മീനാക്ഷി എന്ന ഡോക്ടറായിരുന്നു കുട്ടിയെ നോക്കിയിരുന്നത്. 

ഫെബ്രുവരി 24നാണ് ഡോക്ടർ കുട്ടിയെ ഡിസ്ചാർജ് ചെയ്യുന്നത്. ആശുപത്രി ബിൽ അടക്കമുള്ള പൂർത്തിയാക്കിയ ശേഷം കുട്ടിയുടെ കയ്യിലിട്ടിരുന്ന ഐവി ഡ്രിപ്പ് മാറ്റാനായി നഴ്സായ അനിത എത്തി. ഐവി ഡ്രിപ്പ് മാറ്റുന്നതിനിടെ അബദ്ധത്തിൽ അനിത കുട്ടിയുടെ കൈ വിരൽ മുറിക്കുകയായിരുന്നു. ബാലകുമാറിന്റെ ഇടതുകയ്യിലെ ചെറുവിരലാണ് മുറിഞ്ഞുപോയത്. വിജയ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നഴ്സിനെ കസ്റ്റഡിയിലെടുത്തു. 

സംഭവത്തിന് പിന്നാലെ ആശുപത്രിയിലെ ഡോക്ടർമാർ ഉടൻതന്നെ മുറിവ് ഡ്രെസ്സ് ചെയ്യുകയും പ്ലാസ്റ്റർ ഇടുകയും ചെയ്തു. വലിയ പരിക്കില്ലെന്നും കുഞ്ഞിന് പ്രായം കുറവായതുകൊണ്ട് മുറിവ് തനിയെ ഭേദമാകുമെന്നും ഡോക്ടർമാർ ഉറപ്പുനൽകി. എന്നാൽ അനാസ്ഥ കാണിച്ച നഴ്സ് അനിത, ഡോക്ടർമാർ, ആശുപത്രി മാനേജ്മെന്റ് എന്നിവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിജയ് കുമാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം