പിഎഐയുടെ മികച്ച ഭരണമുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാമത്

By Web TeamFirst Published Oct 30, 2020, 9:08 PM IST
Highlights

ആദ്യ നാല് സ്ഥാനങ്ങളും നേടിയത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് എന്നതാണ് മറ്റൊരു കൗതുകം. 

ബെം​ഗളൂരു: മുൻ ഐഎസ്ആർഒ ചെയർമാൻ കസ്‌തൂരിരംഗൻ അധ്യക്ഷനായ പബ്ലിക് അഫെയേഴ്സ് സെന്റർ (pac) കേരളത്തെ മികച്ച ഭരണമുള്ള സംസ്ഥാനമായി തിരഞ്ഞെടുത്തു. പബ്ലിക് അഫിയേഴ്സ് ഇൻഡക്സ് 2020 (Public affairs index 2020) എന്ന പേരിൽ പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിലാണ് കേരളം ഒന്നാമതായത്. തമിഴ്‌നാടും ആന്ധ്ര പ്രദേശുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. യുപിയാണ് ഏറ്റവും താഴെ.ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ എൻജിഒയാണ് പബ്ലിക് അഫേയ്സ് സെൻ്റർ. 

ഒന്നാം സ്ഥാനത്ത് എത്തിയ കേരളം 1.388 പോയിൻ്റ് നേടി. തമിഴ്നാട് 0.912, ആന്ധ്രാപ്രദേശ് 0.531,കർണാടക 0.468 എന്നിങ്ങനെയാണ് ആദ്യ നാല് സ്ഥാനങ്ങളിലെത്തിയ മറ്റു സംസ്ഥാനങ്ങളുടെ പ്രകടനം. ആദ്യ നാല് സ്ഥാനങ്ങളും നേടിയത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് എന്നതാണ് മറ്റൊരു കൗതുകം. 

ഉത്ത‍ർപ്ര​ദേശ്, ഒഡീഷ, ബീഹാ‍ർ എന്നീ സംസ്ഥാനങ്ങളാണ് റാങ്കിം​ഗിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത്. ഇവ മൂന്നും മൈനസ് മാ‍ർക്കാണ് നേടിയത്. 1.461, -1.201, -1.158 എന്നിങ്ങനെയാണ് റാങ്ക് പട്ടികയിലെ അവസാന സ്ഥാനക്കാരുടെ പോയിൻ്റ് നില. മണിപ്പൂ‍ർ (-0.363), ദില്ലി (-0.289) ഉത്തരാഖണ്ഡ് (-0.277) എന്നിവയാണ് മൈനസ് പോയിൻ്റുകൾ നേടിയ മറ്റു സംസ്ഥാനങ്ങൾ. 

ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ​ഗോവ ഒന്നാമത് എത്തി. 1.754 പോയിൻ്റാണ് ​ഗോവ നോടിയത്. ഈ വിഭാ​ഗത്തിൽ മേഘാലയ 0.797ഉം, ഹിമാചൽ പ്രദേശ് 0.725ഉം പോയിൻ്റുകൾ കരസ്ഥമാക്കി. 1.05 പോയിൻ്റുമായി ചണ്ഡീ​ഗഢ് കേന്ദ്രഭരണപ്രദേശങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തി. പുതുച്ചേരി (0.52) ലക്ഷദ്വീപ് (0.003). ദാദ‍ർ ആൻഡ് ന​ഗ‍ർ ഹവേലി(-0.69) ആൻഡമാൻ, ജമ്മു കശ്മീ‍‍ർ (-0.50) നിക്കോബാ‍ർ (-0.30) എന്നിവയാണ് കേന്ദ്രഭരണപ്രദേശങ്ങളിൽ പിന്നിലുള്ളത്. തുല്യനീതി, വള‍ർച്ച, സ്ഥിരത എന്നിവയെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങളുടെ സുസ്ഥിര വികസന പട്ടിക പിഎസി തയ്യാറാക്കിയത്. 

click me!