
ദില്ലി: പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും ലോക്സഭയിൽ പൊതു പരീക്ഷാ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചകൾ ആരംഭിച്ചു. സമരക്കാർക്കെതിരായ പൊലീസ് നടപടിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളും രാവിലെ സ്തംഭിപ്പിച്ചിരുന്നു. തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ലോക്സഭ വീണ്ടും ചേർന്നാണ് ബില്ലിൽ ചർച്ച തുടങ്ങിയത്. ചർച്ചയിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പങ്കെടുക്കാത്തതിനെ കെ സി വേണുഗോപാൽ എം പി ചോദ്യം ചെയ്തെങ്കിലും ചർച്ചയിൽ പ്രതിപക്ഷം സഹകരിക്കുകയാണ്. ചർച്ചയ്ക്ക് എട്ട് മുതൽ പത്ത് മണിക്കൂർ വരെ വേണമെങ്കിലും ചെലവഴിക്കാൻ സർക്കാർ തയ്യാറാണെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു മറുപടി നൽകി. ചോദ്യപേപ്പർ ചോർച്ച ഏറെ ഗുരുതരമായ വിഷയമാണെന്നും ശക്തമായ നിയമനിർമ്മാണം അത്യന്താപേക്ഷിതമാണെന്നും സ്പീക്കർ സഭയിൽ നിരീക്ഷിച്ചു.
വിദ്യാർത്ഥികളുടെ ഭാവി ഇനി ഒരു ശക്തിയും അപഹരിക്കരുതെന്ന് പ്രധാനമന്ത്രിക്ക് നിർബന്ധമുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് പറഞ്ഞു. വരും തലമുറകളുടെ ഭാവി സുരക്ഷിതമാക്കാനായുള്ള ചരിത്രപരമായ നിയമനിർമ്മാണമാണിതെന്നും, യു പി എ ഭരണകാലത്ത് നടന്ന ചോദ്യപേപ്പർ ചോർച്ചകൾ ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി. 2024-ലെ ബില്ലാണ് ഇപ്പോൾ ഭേദഗതി ചെയ്ത് സഭയുടെ പരിഗണനയ്ക്ക് എത്തിയിരിക്കുന്നതെന്നും ജിതേന്ദ്രസിംഗ് വ്യക്തമാക്കി. വളരെ ശക്തമായ നിയമായിരിക്കും വരികയെന്നും വേഗത്തിൽ നീതി ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2010 എൻ ടി എയുടെ മാർഗനിർദ്ദേശങ്ങൾ യു പി എ അവഗണിച്ചതടക്കം മന്ത്രി ഓർമ്മപ്പെടുത്തി. ബില്ലിലെ വ്യവസ്ഥകൾ വിശദീകരിക്കുകയും ചെയ്തു. ഏത് സർക്കാരും നേരിടുന്ന പ്രശ്‌നമാണ് ഇത്തരം ചോദ്യപേപ്പർ ചോർച്ച. അവിടെ ഏത് രാഷ്ട്രീയമെന്നോ, ഏത് സംസ്ഥാനമെന്നതോ വിഷയമല്ല. വിദ്യാർഥികളുടെ ഭാവി മുന്നിൽകണ്ടുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. ഇതിനാണ് ഭേദഗതി കൊണ്ടുവരുന്നതെന്നും മന്ത്രി വിശദീകരിച്ചു. സ്പെഷ്യൽ ടാസ്ക് ഫോഴ്‌സ് രൂപീകരിച്ചതും മന്ത്രി വിശദികരിച്ചു. കെ രാധാകൃഷ്ണൻ കമ്മിറ്റി ശുപാർശകൾ നടപ്പിലാക്കി വരികയാണ്. ആർക്കും ആശങ്ക വേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലോക്സഭയിലെ ചർച്ചയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകിയാൽ മാത്രമേ രാജ്യസഭയിലെ ബിൽ ചർച്ചയിൽ പങ്കെടുക്കൂ എന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷം. സഭ തടസ്സപ്പെടാതെ വിഷയം വിശദമായി ചർച്ച ചെയ്യാൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതോടെ പാർലമെന്റിൽ വാദപ്രതിവാദങ്ങൾ ചൂടുപിടിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam