
പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യക്തമായ അടിത്തറയുണ്ടാക്കാനുള്ള തന്ത്രപ്പാടിൽ ടി.വി.കെ. ആദ്യം തന്നെ പ്രധാന കക്ഷികൾ ആരുമായും സഖ്യത്തിനില്ലെന്ന് പ്രഖ്യാപനം നടത്തിയ ടിവികെ ബദൽ രാഷ്ട്രീയ കക്ഷിയായി പുതുച്ചേരിയിൽ വളരാനാണ് ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൂറ്റൻ തെരഞ്ഞെടുപ്പ് റാലി നടത്തുന്ന ടി.വി.കെ അധ്യക്ഷനും നടനുമായ വിജയ് നിയമസഭാ തെരഞ്ഞെടുപ്പിൽ 30 സീറ്റിൽ മത്സരിക്കുന്ന ടി.വി.കെ എല്ലാ സീറ്റിലും വിജയം ഉറപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, ബിജെപി - എൻആർ കോൺഗ്രസ് സഖ്യത്തിനും, ഇന്ത്യാ മുന്നണിക്കുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് വിജയ് ഉന്നയിച്ചിരിക്കുന്നത്. പുതുച്ചേരിക്ക് വേണ്ടി ഇരു മുന്നണികളും ഒന്നും ചെയ്തിട്ടില്ല. ഇവരിൽ സഖ്യമുണ്ടെന്ന് തെറ്റിധരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. മറിച്ച് ഇന്ത്യാ സഖ്യത്തിലുള്ള ഡിഎംകെയും കോൺഗ്രസും ഒരേ സീറ്റിൽ മത്സരിക്കുന്നുവെന്നും വിജയ് ആരോപിക്കുന്നു. വർഷങ്ങളായി മാറി മാറി ഇക്കൂട്ടർ അധികാരത്തിലിരുന്നെങ്കിലും പുതുച്ചേരിക്ക് സംസ്ഥാന പദവി കിട്ടുന്നതിൽ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം ടി.വി.കെ ഭരണത്തിൽ വന്നാൽ പുതുച്ചേരിയിൽ സംസ്ഥാന പദവി കൊണ്ടുവരുമെന്നാണ് പ്രഖ്യാപനം. സംസ്ഥാന പദവി മാത്രമല്ല മറിച്ച് അധികാരത്തിൽ വന്നാൽ ആറ് മാസത്തിനുള്ളിൽ തദ്ദേശ തെരഞ്ഞെടുപ്പുകൾ നടത്തുമെന്നും വിജയ് പ്രഖ്യാപിച്ചു.
തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് കൂടാതെ തന്നെ പുതുച്ചേരിയിലും സ്ഥാനാർത്ഥികളെ നിർത്തുന്ന ടി.വി.കെ സഖ്യ സർക്കാരുകൾക്ക് പുറമെ ബദൽ രാഷ്ട്രീയ ചർച്ചയിലേക്ക് പുതുച്ചേരിയെ മാറ്റുകയാണ് ലക്ഷ്യമിടുന്നത്. ഏപ്രിൽ 4ന് നടന്ന ടി.വി.കെയുടെ കൂറ്റൻ റാലിയിൽ ഇരു സഖ്യമുന്നണികൾക്ക് എതിരെയും രൂക്ഷമായ വിമർശനങ്ങളാണ് അദ്ദേഹം നടത്തിയത്. പൊതുവെ കോൺഗ്രസിനെയും ഇന്ത്യാ സഖ്യത്തിനെയും വിമർശിക്കാത്ത വിജയ് റാലിക്ക് ശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്യവെ ഇക്കാര്യവും സൂചിപ്പിച്ചു.
കോൺഗ്രസ് - ഡിഎംകെ സംഖ്യവും എൻഡിഎ മുന്നണിയും ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്തിട്ടല്ലെന്നും സ്വന്തം കക്ഷിയിൽ തന്നെ ഡിഎംകെയും കോൺഗ്രസും സീറ്റിനു വേണ്ടി തമ്മിൽ തല്ലുകയാണെന്നും വിജയ് പറഞ്ഞു വെക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് റാലിയിലൂടെയും പ്രധാന പ്രഖ്യാപനങ്ങളിലൂടെയും പുതുച്ചേരിയുടെ രാഷ്ട്രീയ ബോധ്യത്തിൽ ടി.വി.കെയുടെ സാന്നിധ്യം ഊട്ടിയുറപ്പിക്കയാണ് നിലവിൽ പാർട്ടിയുടെ ലക്ഷ്യം. കൂടാതെ ഇരു കക്ഷികൾക്ക് പുറമെ ബദലായി മറ്റൊരു കക്ഷിയായും ടി.വി.കെ യെ അവതരിപ്പിക്കുകയാണ് വിജയ് ഇപ്പോൾ ചെയ്യുന്നത്.
ആദ്യ തെരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസിന് പുതുച്ചേരിയിൽ കളമുണ്ടാക്കാനായെങ്കിലും പിന്നീട് തകർച്ചയായിരുന്നു ഫലം. അതേസമയം, ഡിഎംകെയും എഐഡിഎംകെയും വ്യക്തമായ അടിത്തറയുണ്ടാക്കിയതും ചരിത്രമാണ്. സിനിമാ നടനെന്ന മേൻമയും ടിവികെയുടെ വളർച്ചക്ക് ഘടകങ്ങളായേക്കാം. എന്നാൽ സംസ്ഥാന പദവിയും തദ്ദേശ തെരഞ്ഞെടുപ്പു പോലുള്ള പുതുച്ചേരിയുടെ സങ്കീർണ്ണ വിഷയങ്ങളിലേക്ക് കൈകടത്തുന്ന വിജയ് ഇക്കുറി ഒരു സീരിയസ് പൊളിറ്റീഷ്യൻ ലെവലിലേക്ക് കടക്കുന്നു എന്നു വേണം കരുതാൻ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam