
ദില്ലി: പുൽവാമ വിഷയത്തിൽ യോജിച്ച നീക്കത്തിന് പ്രതിപക്ഷം നീക്കം തുടങ്ങി. കേന്ദ്ര സർക്കാരിനെതിരെ രാഷ്ട്രപതിക്ക് പരാതി നൽകുന്നതടക്കം സംയുക്ത പ്രക്ഷോഭത്തിലേക്ക് വരെ നീങ്ങാനാണ് ആലോചന. വിഷയം ശക്തമായി ഉന്നയിക്കണമെന്ന് കെസി വേണുഗോപാൽ ഉദ്ധവ് താക്കറെയുമായി നടത്തിയ ചർച്ചയിൽ ധാരണയായി.
പുൽവാമ ഭീകരാക്രമണത്തിന് വിധേയരായ സിആർപിഎഫ് ജവാന്മാരെ കൊണ്ടുപോയ വാഹനവ്യൂഹവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കാണ് വിവാദത്തിന് തിരികൊളുത്തിയത്. സിആർപിഎഫ് ജവാന്മാരെ വ്യോമമാർഗ്ഗം കൊണ്ടു പോകണമെന്ന ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കാത്തതാണ് പുൽവാമ ആക്രമത്തിലേക്ക് നയിച്ചതെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. സിആർപിഎഫ് നടത്തിയ ആഭ്യന്തര അന്വേഷണത്തിലും ജവാന്മാരെ റോഡ് മാർഗ്ഗം കൊണ്ടുപോയതിലെ വീഴ്ച ചൂണ്ടിക്കാട്ടിയിരുന്നു.
സാധാരണ സൈനികരെ റോഡുമാർഗ്ഗം കൊണ്ടു പോകാറുണ്ട്. എന്നാൽ 78 വാഹനങ്ങളടങ്ങുന്ന കോൺവോയി പോകാൻ തീരുമാനിച്ചത് അസാധരണമെന്നാണ് സിആർപിഎഫും വിലയിരുത്തി. ഇത് വിവരം ചോരാനും വാഹനവ്യൂഹത്തിന് ശ്രദ്ധ കിട്ടാനും ഇടയാക്കി. സ്ഫോടനമുണ്ടായേക്കുമെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പുകളിൽ എവിടെയും സിആർപിഎഫ് വാഹനവ്യൂഹത്തിന് ഭീഷണിയുള്ളതായി വിവരം കിട്ടിയിരുന്നില്ല.
വാഹന വ്യൂഹത്തിലെ അഞ്ചാമത്തെ വാഹനത്തിനരികിലേക്ക് കാർ ഓടിച്ചു കയറ്റിയാണ് സ്ഫോടനം നടത്തിയത്. മഞ്ഞു മൂടി ശ്രീനഗറിലെ വഴികൾ അടഞ്ഞത് കാരണമാണ് നിരവധി സൈനികർക്ക് ഒന്നിച്ച് യാത്ര ചെയ്യേണ്ട സാഹചര്യം വന്നത്. രഹസ്യാന്വേഷണ വീഴ്ച ഉൾപ്പടെ മിണ്ടരുത് എന്ന് തന്നോട് പ്രധാനമന്ത്രി നിർദ്ദേശിച്ചതായി സത്യപാൽ മാലിക്ക് പറഞ്ഞിരുന്നു. പ്രതിപക്ഷം യോജിച്ച നീക്കത്തിലേക്ക് കടക്കുമ്പോഴും പ്രതികരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam