പുല്‍വാമ ഭീകരാക്രമണം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം; പാകിസ്ഥാന് പങ്കില്ലെന്ന് ഇമ്രാന്‍ ഖാന്‍

By Web TeamFirst Published Jul 24, 2019, 4:40 PM IST
Highlights

പാക്കിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. അതിനാൽ ആക്രമണത്തിന് പിന്നിൽ പാകിസ്ഥാനാണെന്ന് കുറ്റപ്പെടുത്തേണ്ടതില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. 

വാഷിങ്ടണ്‍: കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തില്‍ വിവാദ പരാമര്‍ശവുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പുല്‍വാമ ഭീകരാക്രമണം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും പാകിസ്ഥാന് പങ്കില്ലെന്നും ഇമ്രാൻ ഖാൻ പറ‍ഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചകൾക്ക് ശേഷം ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇമ്രാൻ ഖാന്റെ പ്രതികരണം.

പാകിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. അതിനാൽ ആക്രമണത്തിന് പിന്നിൽ പാകിസ്ഥാനാണെന്ന് കുറ്റപ്പെടുത്തേണ്ടതില്ല. ജെയ്‌ഷെ മുഹമ്മദ് കശ്മീരിലും പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട് പുല്‍വാമ ആക്രമണം ഇന്ത്യയുടെ പ്രാദേശിക വിഷയമാണ്.

ഇന്ത്യൻ സൈന്യം നടത്തുന്ന അത്രിക്രമങ്ങളിൽ മനംമടുത്ത കശ്മീരി യുവാവാണ് സിആർപിഎഫ് ജവാൻമാരുടെ വാഹനത്തിന് നേരെ ആക്രമണം നടത്തിയത്. എന്നാൽ, ആക്രമണത്തിൽ പാകിസ്ഥാനെയാണ് കുറ്റം പറയുന്നതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഈ വർഷം ഫെബ്രുവരി 14-നാണ് കശ്മീരിലെ പുൽവാമയിൽ സിആര്‍പിഎഫ് ജവാന്‍മാരുടെ വാഹനത്തിന് നേരെ ചാവേർ ആക്രമണമുണ്ടായത്. 40 പേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

അതേസമയം, ഇന്ത്യ ഉറപ്പ് നൽകിയാൽ പാകിസ്ഥാൻ ആണവായുധങ്ങൾ ഉപേക്ഷിക്കാൻ തയ്യാറാണെന്ന് ഇമ്രാന്‍ ഖാന്‍ വെളിപ്പെടുത്തി. കശ്മീർ വിഷയത്തിൽ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന അമേരിക്കൻ നിലപാടിനോടുള്ള ഇന്ത്യയുടെ പ്രതികരണം നിരാശജനകമാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.  
 

click me!