പൂനെയിൽ 60കാരനെ സ്ഫോടക വസ്‌തുക്കളുമായി പിടികൂടി

By Web TeamFirst Published Apr 3, 2019, 10:39 AM IST
Highlights

ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് 16 വർഷം മുൻപ് ഒരാളെ കൊല്ലാൻ ഇയാൾ  ബോംബ് സ്ഫോടനം നടത്തിയിരുന്നു

പൂനെ: ജുന്നാറിലെ പിംപൽവണ്ടി ഗ്രാമത്തിൽ സ്ഫോടകവസ്തുക്കളുമായി 60കാരൻ പൂനെ റൂറൽ പൊലീസിന്റെ പിടിയിലായി. ഇലക്ട്രിക് തോക്കുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. രാജാറാം കിസാൻ അഭാങ് എന്നയാളാണ് പിടിയിലായത്.

ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് 16 വർഷം മുൻപ് ഒരാളെ കൊല്ലാൻ ഇയാൾ  ബോംബ് സ്ഫോടനം നടത്തിയിരുന്നു. ഇയാളുടെ പക്കൽ സ്ഫോടക വസ്തുക്കളുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അഭാങിന്റെ വീട്ടിൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്.

പൈപ്പ് ബോംബ് നിർമ്മിക്കാനുള്ള പരിശ്രമത്തിലായിരുന്നു അഭാങ്. രണ്ട് ഇലക്ട്രിക് തോക്ക്, വെടിമരുന്ന്, രണ്ട് വാൾ, രണ്ട് ജാവലിൻ, 59 ഡിറ്റൊണേറ്റർ, ഒരു ഇലക്ട്രിക് സ്വിച്ച്, ബാറ്ററി, ഇരുമ്പ് കമ്പികൾ, ഹെൽമെറ്റ് തുടങ്ങിയവയാണ് പൊലീസ് കണ്ടെത്തിയത്.

അഭാങിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2003 ൽ ഇയാൾ നടത്തിയ സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഈ കേസിൽ മൂന്ന് വർഷം തടവിൽ കഴിഞ്ഞ ശേഷം ജാമ്യം നേടി പുറത്തിറങ്ങി. ഇയാൾക്ക് ഏതെങ്കിലും ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്ന് അറിയില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

അഭാങിന്റെ ഭാര്യ ഇയാൾക്കൊപ്പമല്ല താമസം. രണ്ട് ആൺമക്കളിൽ മൂത്തയാൾ കൃഷി ചെയ്യുകയാണ്. രണ്ടാമത്തെയാൾ മുംബൈയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. അഭാങിനെ പിടികൂടിയ പൊലീസ് സംഘത്തിന് ജില്ലാ പൊലീസ് മേധാവി പാരിതോഷികം പ്രഖ്യാപിച്ചു.

click me!