വേഷം മാറി കമ്മീഷ്ണറുടെ 'പൊലീസ് സ്റ്റേഷന്‍ പരിശോധന'; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

By Web TeamFirst Published May 10, 2021, 6:16 PM IST
Highlights

പഠാന്‍ വേഷത്തിലാണ് കമ്മീഷ്ണര്‍ തന്‍റെ പരിധിയിലുള്ള സ്റ്റേഷനുകളില്‍ എത്തിയത്. താടിയും കൂര്‍ത്തയും ധരിച്ചതിനാല്‍ കമ്മീഷ്ണറെ ഒറ്റനോട്ടത്തില്‍ മനസിലാക്കുവാന്‍ സാധിക്കില്ലായിരുന്നു.

പൂനെ: പൊലീസ് സ്റ്റേഷനില്‍ വേഷം മാറിയെത്തി പരിശോധന നടത്തി പൊലീസ് കമ്മീഷ്ണറും, അസി. പൊലീസ് കമ്മീഷ്ണറും. പൂനെ പൊലീസ് കമ്മീഷ്ണര്‍ കൃഷ്ണപ്രസാദ്, അസി. കമ്മീഷ്ണര്‍ പ്രേര്‍ണ കാട്ടെ എന്നിവരാണ് ഭാര്യ ഭര്‍ത്താക്കന്മാര്‍ എന്ന നിലയില്‍ വേഷം മാറി പൊലീസില്‍ പരാതി നല്‍കാനെന്ന വ്യാജേന പൊലീസ് സ്റ്റേഷനുകളില്‍ പരിശോധന നടത്തിയത്. ഇരുവരുടെയും ദൗത്യത്തിന് വലിയ കൈയ്യടിയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

പഠാന്‍ വേഷത്തിലാണ് കമ്മീഷ്ണര്‍ തന്‍റെ പരിധിയിലുള്ള സ്റ്റേഷനുകളില്‍ എത്തിയത്. താടിയും കൂര്‍ത്തയും ധരിച്ചതിനാല്‍ കമ്മീഷ്ണറെ ഒറ്റനോട്ടത്തില്‍ മനസിലാക്കുവാന്‍ സാധിക്കില്ലായിരുന്നു. സ്റ്റേഷനുകളില്‍ വ്യത്യസ്തമായ പരാതികളാണ് ഇവര്‍ നല്‍കിയത്. ഒരു സ്റ്റേഷനില്‍ നിന്ന് മാത്രമാണ് അനുഭാവ പൂര്‍വ്വമല്ലാത്ത അനുഭവം ഉണ്ടായത്, ബാക്കിയെല്ലാ സ്റ്റേഷനിലും കാര്യങ്ങള്‍ അനുകൂലമായിരുന്നു എന്നാണ് കമ്മീഷ്ണര്‍ തന്‍റെ പരിശോധനയ്ക്ക് ശേഷം അറിയിച്ചത്.

പൂനെയിലെ പിംപ്രി ചിഞ്ച്വദ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയ 'ദമ്പതികള്‍' അവിടെ നല്‍കിയ പരാതി കൊവിഡ് രോഗിയെ കൊണ്ടുപോയ അംബുലന്‍സ് അമിത ചാര്‍ജ് ഈടാക്കുന്നു എന്നായിരുന്നു. എന്നാല്‍ പൊലീസുകാര്‍ വളരെ മോശമായാണ് പൊലീസ് കമ്മീഷ്ണറോടും, അസി. കമ്മീഷ്ണറോടും പെരുമാറിയത്. തങ്ങള്‍ക്ക് ഇതില്‍ ഇടപെടാനാകില്ല എന്നായിരുന്നു സ്റ്റേഷനിലെ പൊലീസുകാരുടെ നിലപാട്. മാത്രവുമല്ല പരാതി പറയാന്‍ എത്തിയവരോട് മോശമായിരുന്നു പെരുമാറ്റം. ഇതോടെ താന്‍ ശരിക്കും ആരാണെന്ന് വ്യക്തമാക്കിയ കമ്മീഷ്ണര്‍ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് അറിയിച്ചു.

പൊലീസുകാര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നാണ് കമ്മീഷ്ണര്‍ അറിയിച്ചത്. കൊവിഡ് പാശ്ചാത്തലത്തില്‍ പൊലീസ് പ്രവര്‍ത്തനത്തിന്‍റെ കാര്യക്ഷമത പരിശോധിക്കാനാണ് ഇത്തരം നടപടി എന്നും കമ്മീഷ്ണര്‍ അറിയിച്ചു.

click me!