
പൂനെ: മാസ്ക് ധരിക്കാത്തതിനെ തുടർന്ന് 27989 പേരിൽ നിന്ന് പിഴ ഈടാക്കിയതായി പൂനെ പൊലീസ്. സെപ്റ്റംബർ 2നും 8നു ഇടയിലാണ് ഈ കണക്ക് എന്നും പൊലീസ് കൂട്ടിച്ചേർത്തു. ഒരു കോടിയിലധികം രൂപയാണ് പിഴത്തുകയിനത്തിൽ ലഭിച്ചതെന്ന് പൂനെ ക്രൈംബ്രാഞ്ച് ഡിസിപി ബച്ചൻ സിംഗ് അറിയിച്ചു. കൊവിഡ് വ്യാപനം തടയാനുള്ള മുൻകരുതൽ എന്ന നിലയിൽ മാസ്ക് ധരിക്കാൻ ജനങ്ങളിൽ പലരും വിമുഖത പ്രകടിപ്പിക്കുന്നുണ്ടെന്നും അതിനാൽ അവരിൽ നിന്നും പിഴ ഈടാക്കുന്നുണ്ടെന്നും എഎൻഐയോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ഒരു കോടി 39 ലക്ഷം രൂപയാണ് പിഴയിനത്തിൽ എട്ടുദിവസം കൊണ്ട് ലഭിച്ച തുക. മാസ്ക് ധരിക്കാത്ത ഒരാളിൽ നിന്നും 500 രൂപ വീതം ഈടാക്കിയെന്നും പൊലീസ് പറഞ്ഞു. മാസ്ക് ധരിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കാൻ മുനിസിപ്പൽ കോർപറേഷനാണ് പൊലീസിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുകയും സാമൂഹിക അകലം പാലിക്കാൻ നിർദ്ദേശിക്കുകയും ചെയ്യുകയാണ് ഏകമാർഗമെന്നും പൊലീസ് വ്യക്തമാക്കി.
മാസ്ക് ധരിക്കാത്തവർക്ക് 500 രൂപയും പൊതുസ്ഥലത്ത് തുപ്പുന്നവർക്ക് 1000 രൂപയുമാണ് പിഴയിട്ടിരിക്കുന്നത്. വെള്ളിയാഴ്ച മാത്രം പൂനെയിൽ റിപ്പോർട്ട് ചെയ്തത് 4935 കേസുകളാണ്. ഇതുവരെയുള്ള കൊവിഡ് രോഗികളുടെ എണ്ണം ഇതോടെ 2,11,225 ആയി ഉയർന്നുവെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു. ഏറ്റവുമൊടുവിൽ റിപ്പോർട്ട് ചെയ്തത് 87 കൊവിഡ് മരണങ്ങളാണ്. ഇതുവരെ 4881 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam