രാജ്യത്ത് സമൂഹവ്യാപനമെന്ന് സംശയം; വിദേശയാത്ര നടത്താത്ത യുവതിക്കും കൊവിഡ് 19 സ്ഥിരീകരിച്ചു

By Web TeamFirst Published Mar 21, 2020, 9:51 PM IST
Highlights

നേരത്തെ വിദേശത്ത് നിന്ന് എത്തുകയോ രോഗികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്തവര്‍ക്ക് മാത്രമാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നത്. യുവതിയുടെ രോഗബാധ പ്രാദേശിക രോഗ സംക്രമണത്തിന്റെ സൂചനയാകാമെന്ന് അധികൃതര്‍ പറഞ്ഞു.
 

പുണെ: രാജ്യത്ത് കൊവിഡ് 19 സമൂഹ വ്യാപനമെന്ന് സംശയം. പുണെയില്‍ വിദേശ യാത്ര നടത്തുകയോ രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്യാത്ത യുവതിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സമൂഹവ്യാപമെന്ന് സംശയത്തിട നല്‍കുന്ന ആദ്യത്തെ കേസാണ് യുവതിയുടേതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി അധികൃതര്‍ പറഞ്ഞു.

41കാരിയായ യുവതിയുടെ മറ്റ് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. സിംഗാദ് റോഡിലാണ് യുവതിയുടെ താമസം.  മഹാരാഷ്ട്രയില്‍ കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത 50 കേസുകളില്‍ 23ഉം പുണെയിലാണ്. നേരത്തെ വിദേശത്ത് നിന്ന് എത്തുകയോ രോഗികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്തവര്‍ക്ക് മാത്രമാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നത്. ആരോഗ്യവിഭാഗം നടത്തിയ അന്വേഷണത്തില്‍ യുവതി വിദേശ യാത്ര നടത്തിയതോ രോഗം ബാധിച്ചവരുമായി ഇടപെട്ടതോ തെളിഞ്ഞിട്ടില്ല.

അതേസമയം, നവി മുംബൈയില്‍ യുവതി വിവാഹ ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. യുവതിയുടെ നില ഗുരുതരമാണെന്നും വെന്റിലേറ്ററിലാണെന്നും സൂചനയുണ്ട്. പുണെ ഭാരതി ഹോസ്പിറ്റലിലാണ് യുവതി ചികിത്സയിലുള്ളതെന്നും കലക്ടര്‍ നവല്‍ കിഷോര്‍ റാം പറഞ്ഞു. യുവതി വിദേശത്ത് നിന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നുണ്ടെന്നും എന്നാല്‍ ഇതുവരെ മതിയായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തൊണ്ടവേദന രൂക്ഷമായതിനെ തുടര്‍ന്ന് പന്നിപ്പനിയെന്ന് സംശയിച്ചതിനെ തുടര്‍ന്നാണ് പരിശോധനക്കയച്ചത്. എന്നാല്‍ ഫലം വന്നപ്പോള്‍ കൊവിഡ് 19 ആണെന്ന് സ്ഥിരീകരിച്ചു. മാര്‍ച്ച് 16നാണ് ഭാരതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് 19 രോഗം ബാധിച്ച് ഗുരുതരവസ്ഥായിലായ രോഗികള്‍ക്ക് നല്‍കുന്ന എച്ച്‌ഐവിക്ക് നല്‍കുന്ന മരുന്ന് യുവതിക്ക് നല്‍കാന്‍ നിര്‍ദേശിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ആശുപത്രിയില്‍ ജീവനക്കാര്‍ കര്‍ശന സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. തമിഴ്‌നാട്ടില്‍ കൊവിഡ് 19 സ്ഥിരീകരിച്ച 20കാരിയായ ദില്ലി യുവതിയും വിദേശ യാത്ര നടത്തിയിട്ടില്ല. എന്നാല്‍ രോഗിയുടെ മറ്റ് വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.
 

click me!