
ദില്ലി: കൃത്യസമയത്ത് ജോലി തീർത്ത കരാറുകാരന് കോടികൾ വിലമതിക്കുന്ന സമ്മാനം നൽകി ഉടമ. പഞ്ചാബിലെ ബിസിനസുകാരനാണ് തന്റെ ഒമ്പത് ഏക്കർ ഭൂമിയിലെ കൂറ്റൻ ബംഗ്ലാവ് കൃത്യസമയത്ത് നിർമാണം പൂർത്തിയാക്കിയതിന് കരാറുകാരന് ഒരു കോടി രൂപയുടെ റോളക്‌സ് വാച്ച് സമ്മാനമായി നൽകിയത്. ഗുണനിലവാരം, വേഗത, ശ്രദ്ധ എന്നിവയിലുള്ള കരാറുകാരൻ രജീന്ദർ സിംഗ് രൂപ്രയുടെ പ്രതിബദ്ധതയാണ് സമ്മാനം നൽകാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഉടമ ഗുർദീപ് ദേവ് ബാത്ത് പറഞ്ഞു. 18 കാരറ്റ് സ്വർണത്തിൽ രൂപകൽപ്പന ചെയ്ത റോളക്‌സ് ഓയ്‌സ്റ്റർ ബ്രേസ്‌ലെറ്റാണ് സമ്മാനമായി നൽകിയത്.
പഞ്ചാബിലെ സിരാക്പൂരിന് സമീപമാണ് കോട്ടയോട് സാമ്യമുള്ള രൂപ കൽപ്പനയിൽ കൂറ്റൻ സൗധം നിർമിച്ചത്. രണ്ട് വർഷം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. 200-ലധികം തൊഴിലാളികൾ ദിവസേന ജോലി ചെയ്താണ് നിർമാണം പറഞ്ഞ സമയത്തിനുള്ള പൂർത്തിയാക്കിയത്. ഇത് വെറുമൊരു വീടല്ലെന്നും മഹത്വത്തിൻ്റെ പ്രതിരൂപമാണെന്നും കാലാതീതമായ ചാരുത പ്രതിഫലിപ്പിക്കുന്നതിനായി ശ്രദ്ധാപൂർവമാണ് രൂപ കൽപ്പന ചെയ്തതെന്നും ഗുർദീപ് പറഞ്ഞു. പറഞ്ഞ സമയത്തിനുള്ള തീർക്കാനുള്ള പ്രതിബദ്ധത, എല്ലാ ഭാഗത്തേക്കുമുള്ള ശ്രദ്ധ എന്നിവയിൽ കരാറുകാരൻ ഞങ്ങളെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
Read More... നടുക്കുന്ന ദൃശ്യങ്ങൾ, ആഞ്ഞടിച്ച് തിരമാല, മുറുക്കെ കെട്ടിപ്പിടിച്ച് പെൺകുട്ടികൾ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വാസ്തുശില്പി രഞ്ജോദ് സിംഗാണ് രൂപ കൽപന ചെയ്തത്. വിശാലമായ ഹാളുകൾ, പൂന്തോട്ടങ്ങൾ തുടങ്ങി നിരവധി വാസ്തുവിദ്യാ ഘടകങ്ങൾ ഉൾക്കൊള്ളിച്ചാണ് നിർമാണം. ഇത്രയും വലിയതും പരിഷ്കൃതവുമായ ഒരു പ്രോജക്റ്റിൽ പ്രവർത്തിക്കുന്നത് വെല്ലുവിളിയും രസകരവുമായിരുന്നെന്ന് രജീന്ദർ സിങ് പറഞ്ഞു. രാജസ്ഥാനി കോട്ടകളുടെ ആത്മാവിനെ ഉൾക്കൊള്ളുന്നതാണ് നിർമാണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam