പഞ്ചാബ് മുഖ്യമന്ത്രി - അമരീന്ദർ സിങ് കൂടിക്കാഴ്ച നടക്കുന്നു; സിദ്ദു ഇന്ന് ഹൈക്കമാന്‍റ് നേതാക്കളെ കാണും

By Web TeamFirst Published Oct 14, 2021, 6:00 PM IST
Highlights

അമരീന്ദർ സിങിന്‍റെ മൊഹാലിയിലെ ഫാംഹൗസിലാണ് കൂടിക്കാഴ്ച. പാർട്ടിക്കെതിരെ പരസ്യ നിലപാട് എടുത്തതിന് ശേഷം ഇത് ആദ്യമായാണ്  അമരീന്ദർ സിങും മുഖ്യമന്ത്രിയും തമ്മില്‍  കാണുന്നത്.  

ദില്ലി: പഞ്ചാബ് (Punjab) മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി (Charanjit singh channi)  മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങുമായി (Amarinder Singh) കൂടിക്കാഴ്ച നടത്തുന്നു. അമരീന്ദർ സിങിന്‍റെ മൊഹാലിയിലെ ഫാംഹൗസിലാണ് കൂടിക്കാഴ്ച. പാർട്ടിക്കെതിരെ പരസ്യ നിലപാട് എടുത്തതിന് ശേഷം ഇത് ആദ്യമായാണ്  അമരീന്ദർ സിങും മുഖ്യമന്ത്രിയും തമ്മില്‍  കാണുന്നത്.  

അതേസമയം, പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദു ഇന്ന് ഹൈക്കമാന്‍റ്  നേതാക്കളുമായി ദില്ലിയില്‍ ചർച്ച നടത്തും. പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ച സിദ്ദു നിലപാട് മയപ്പെടുത്തിയെങ്കിലും  ഇതുവരെ രാജി പിൻവലിച്ചിട്ടില്ല. എന്നാല്‍ സംഘടനപരമായ ചർച്ചകള്‍ക്കായാണ് സിദ്ദുവിനെ വിളിപ്പിച്ചതെന്ന് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള മാർഗങ്ങൾ തേടണമെന്ന് ഹൈക്കമാൻഡ് സിദ്ധുവിനോട് ആവശ്യപ്പെടുമെന്നാണ് വിവരം. 

അതിനിടെ, കോൺഗ്രസിൽ തലക്കാലം നേതൃമാറ്റം ഉണ്ടാവില്ലെന്ന വിവരം പുറത്തുവന്നു. സോണിയ ഗാന്ധി ഇടക്കാല അദ്ധ്യക്ഷയായി തുടരുമെന്നും സംഘടന തെരഞ്ഞെടുപ്പിൻറെ സമയം ശനിയാഴ്ചത്തെ പ്രവർത്തകസമിതി യോഗം തീരുമാനിക്കുമെന്നും ഉന്നതവൃത്തങ്ങൾ പറഞ്ഞു. ബിജെപിയുടെ തെറ്റി നില്ക്കുന്ന വരുൺ ഗാന്ധിയെ പാർട്ടിയിൽ കൊണ്ടുവരാൻ തയ്യാറാണെന്നും നേതാക്കൾ അറിയിച്ചു.

കോൺഗ്രസിലെ വിമതഗ്രൂപ്പിൻറെ സമ്മർദ്ദം കാരണമാണ് ശനിയാഴ്ച കോൺഗ്രസ് പ്രവർത്തകസമിതി യോഗം വിളിച്ചു ചേർക്കുന്നത്. പഞ്ചാബിലെ പ്രതിസന്ധിക്കു ശേഷമാണ് യോഗത്തിനായുള്ള ആവശ്യം ശക്തമായത്. പഞ്ചാബിൽ നവ്ജോത് സിംഗ് സിദ്ദുവിൻറെ അവസാന നിലപാട് അറിയാനുള്ള ശ്രമം ഹൈക്കമാൻഡ് തുടരുകയാണ്. ഇടക്കാല അദ്ധ്യക്ഷ മാത്രം ഉള്ളപ്പോൾ ആരാണ് പാർട്ടിയിൽ തീരുമാനങ്ങൾ എടുക്കുന്നത് എന്ന് കപിൽ സിബൽ ചോദിച്ചിരുന്നു. കെസി വേണുഗോപാലിനെയാണ് ഇവർ ലക്ഷ്യം വയ്ക്കുന്നത്. രാഹുൽ ഗാന്ധി അദ്ധ്യക്ഷപദം ഏറ്റെടുത്ത് ആശയക്കുഴപ്പം അവസാനിപ്പിക്കണം എന്ന വാദമുണ്ടെങ്കിലും രാഹുൽ ഇതിന് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ ശനിയാഴ്ച അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് എപ്പോൾ നടത്താം എന്ന ചർച്ചേ ഉണ്ടാവൂ. യുപി തെരഞ്ഞെടുപ്പിന് ശേഷം മതി എന്നാണ് നേതൃത്വം കരുതുന്നത്. എന്നാൽ ഡിസംബറിൽ തീരുമാനം വേണം എന്ന് വിമതഗ്രൂപ്പ് ആവശ്യപ്പെടും. ലഖിംപൂർഖേരിയിൽ ഉൾപ്പടെ വിമതനേതാക്കളെ കണ്ടില്ല എന്ന വിമർശനം ഉയർത്തി ഈ നീക്കത്തെ ഹൈക്കമാൻഡ് നേരിടും. 

ബിജെപിയുമായി തെറ്റി നില്ക്കുന്ന വരുൺ ഗാന്ധിയെ കോൺഗ്രസിലേക്ക് കൊണ്ടുവരണം എന്ന ചിന്തയും തുടങ്ങിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുമായും പ്രിയങ്കയുമായും വരുൺ നല്ല ബന്ധത്തിലാണ്. എന്നാൽ മേനകഗാന്ധി ഈ നീക്കത്തോട് യോജിക്കുന്നില്ല. എബി വാജ്പേയിയുടെ പ്രസംഗം ട്വീറ്റ് ചെയ്ത് വരുൺ ഇന്നും പാർട്ടിയോടുള്ള അതൃപ്തി പ്രകടമാക്കി. വിമതഗ്രൂപ്പ് പുറത്തു പോയപ്പോഴൊക്കെ കോൺഗ്രസ് ശക്തിനേടിയിട്ടേയുള്ളു. അതിനാൽ തല്ക്കാലം ആർക്കും കീഴടങ്ങില്ലെന്ന സൂചനയാണ് രാഹുലുമായി ചേർന്ന് നില്ക്കുന്നവർ നല്കുന്നത്. അദ്ധ്യക്ഷ തെര‍ഞ്ഞെടുപ്പ് നീളുമ്പോൾ പാർട്ടിയിൽ മൂന്ന് അധികാരകേന്ദ്രങ്ങൾ ഉയർത്തുന്ന ആശയക്കുഴപ്പവും തുടരും. 

click me!