പഞ്ചാബിൽ ഡസൻ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്? 'മഞ്ഞുമലയുടെ അറ്റ'മെന്ന് ക്യാപ്റ്റൻ

Published : Jun 05, 2022, 10:28 AM IST
പഞ്ചാബിൽ ഡസൻ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്? 'മഞ്ഞുമലയുടെ അറ്റ'മെന്ന് ക്യാപ്റ്റൻ

Synopsis

ബൽബീർ എസ് സിദ്ദു, ഗുർപ്രീത് എസ് കംഗാർ, ഡോ. രാജ് കുമാർ വെർക, സുന്ദർ ശാം അറോറ, കെവാൽ സിംഗ് ധില്ലൻ എന്നിവരാണ് കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. ഇവർക്കെല്ലാം ആശംസകൾ നേർന്നു ക്യാപ്റ്റൻ അമരീന്ദർ സിംഗ്.

ദില്ലി/ അമൃത്സർ: പഞ്ചാബിൽ അഞ്ച് കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ടതിന് പിന്നാലെ കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക് കളം മാറിച്ചവിട്ടുമെന്ന് സൂചന. ഒരു ഡസൻ കോൺഗ്രസ് നേതാക്കളെങ്കിലും പാർട്ടിയിൽ നിന്ന് ബിജെപിയിൽ ചേരാൻ സന്നദ്ധത അറിയിച്ചുവെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്. പാർട്ടിയിലെ അസംതൃപ്തരുമായി ചർച്ച നടത്താൻ സുനിൽ ഝാക്കറിനെ നിയോഗിച്ചിരിക്കുകയാണ് ബിജെപി. ഇപ്പോഴത്തെ ഈ കൊഴിഞ്ഞുപോക്ക് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പറഞ്ഞു. 

ബൽബീർ എസ് സിദ്ദു, ഗുർപ്രീത് എസ് കംഗാർ, ഡോ. രാജ് കുമാർ വെർക, സുന്ദർ ശാം അറോറ, കെവാൽ സിംഗ് ധില്ലൻ എന്നിവരാണ് കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. ഇതിൽ നാല് പേർ മുൻമന്ത്രിമാരാണ്. ഇവർക്കെല്ലാം ആശംസകൾ നേർന്നു ക്യാപ്റ്റൻ അമരീന്ദർ സിംഗ്. അടുത്തിടെ കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ മുൻ കോൺഗ്രസ് നേതാവ് സുനിൽ ഝാക്കറുമായി അടുത്ത ബന്ധമുള്ളവരാണ് ഇവരെല്ലാവരും. 

മൊഹാലിയിൽ നിന്ന് മൂന്ന് വട്ടം വിജയിച്ച എംഎൽഎയാണ് ബ‌ൽബീർ സിദ്ദു. മുൻ കോൺഗ്രസ് സർക്കാരിലെ ആരോഗ്യമന്ത്രിയുമായിരുന്നു. ഗുർദീപ് കംഗറാകട്ടെ, രാംപുര ഫുലിൽ മൂന്ന് വട്ടം ജയിച്ച എംഎൽഎയാണ്. മുൻ റവന്യൂമന്ത്രിയുമാണ്. ഡോ. രാജ് കുമാർ വെർകയാകട്ടെ, മാഝ മേഖലയിൽ നിന്നുള്ള പ്രമുഖ ദളിത് നേതാവാണ്. മൂന്ന് തവണ ഇവിടെ നിന്ന് എംഎൽഎയായിരുന്ന വെർക, അമരീന്ദർ സിംഗ് സർക്കാരിൽ സാമൂഹ്യനീതി, ന്യൂനപക്ഷ മന്ത്രിയുമായിരുന്നു. സുന്ദർ ശാം അറോറ, ഹോഷിയാർപൂരിൽ നിന്നുള്ള മുൻ എംഎൽഎയാണ്. മുൻ കോൺഗ്രസ് സർക്കാരിലെ വ്യവസായമന്ത്രിയായിരുന്നു അറോറ. 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ഈ നാല് നേതാക്കളും തോറ്റിരുന്നു. 

നേതാക്കള്‍ കോണ്‍ഗ്രസിന് ഭാവിയില്ലെന്ന പ്രതികരണവുമായാണ് പടിയിറങ്ങിയത്. അതേ സമയം പുതിയ മേച്ചില്‍ പുറത്തിനായി അമ്മയായ പാര്‍ട്ടിയെ നേതാക്കള്‍  ഒറ്റിയെന്നാണ് പിസിസി അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് വാറിംഗ് പ്രതികരിച്ചത്. 

പാർട്ടിയിലെ തമ്മിലടിയെത്തുടർന്ന് കോൺഗ്രസിന് ഈ വർഷമാദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം നഷ്ടമായിരുന്നു. നേട്ടം കൊയ്തത് ആം ആദ്മി പാർട്ടിയാണ്. ഭഗവന്ത് മാനിന്‍റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ട ആം ആദ്മി പാർട്ടി പഞ്ചാബിൽ വൻ വിജയം നേടി. 

തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് തന്നെ ക്യാപ്റ്റൻ അമരീന്ദർ സിംഗ് കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ചിരുന്നു. ഗാന്ധി കുടുംബമാണ് പാർട്ടിയിലെ തമ്മിലടിക്ക് കാരണമെന്നാരോപിച്ചാണ് അമരീന്ദർ സിംഗ് പാർട്ടി വിട്ടത്. താൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കോൺഗ്രസിന് തുടർഭരണം ഉറപ്പായിരുന്നെന്നും, തന്നെ മാറ്റി ഛന്നിയെ മുഖ്യമന്ത്രിയാക്കിയതിനെത്തുടർന്നാണ് പഞ്ചാബിൽ കോൺഗ്രസിന്‍റെ പതനം തുടങ്ങിയതെന്നും അമരീന്ദർ സിംഗ് തുറന്നടിച്ചു. 

Read More: ലോക്സഭയിലേക്കും സീറ്റില്ല; മുക്താർ അബ്ബാസ് നഖ്‌വിയെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരി​ഗണിക്കുമെന്ന് അഭ്യൂഹം

PREV
click me!

Recommended Stories

തടസം നീങ്ങി പറന്ന് തുടങ്ങിയതേ ഉള്ളൂ, അതിനിടെ ഇൻഡിഗോ വിമാനത്തിനുള്ളിൽ എത്തിയ അപ്രതീക്ഷിത അതിഥി, വീഡിയോ
ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'