
മൊഹാലി: കേസ് ഒത്തുതീർപ്പാക്കാൻ എട്ട് ലക്ഷം രൂപ ആവശ്യപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു. പഞ്ചാപ് റോപ്പർ റേഞ്ച് ഡിഐജി ഹർചരൺ സിംഗ് ഭുള്ളറെയും ഇടനിലക്കാരനെയും സിബിഐ മൊഹാലിയിലെ ഓഫീസിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഫത്തേഗഢ് സാഹിബ് ജില്ലയിലെ ഇരുമ്പ് വ്യാപാരി പരാതിപ്പെട്ടതിനെ തുടർന്നായിരുന്നു നടപടി. ഇയാളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ രാത്രി നടത്തിയ പരിശോധനയിൽ അഞ്ച് കോടി രൂപ പണമായും 1.5 കിലോ ആഭരണങ്ങളും 22 ആഡംബര വാച്ചുകളും, ഓഡി, മെഴ്‌സിഡസ് കാറുകളുടെ താക്കോലുകളും, ലോക്കർ താക്കോലുകളും, 40 ലിറ്റർ ഇറക്കുമതി ചെയ്ത മദ്യക്കുപ്പികളും ഒരു പിസ്റ്റളും റിവോൾവറും ഡബിൾ ബാരൽ തോക്കും സിബിഐ ഉദ്യോഗസ്ഥർ പിടിച്ചെടുത്തതായി സിബിഐ പ്രസ്താവനയിൽ പറഞ്ഞു. പഞ്ചാബിലെ സ്ഥാവര സ്വത്തുക്കളുടെയും സ്വത്തുക്കളുടെയും രേഖകളും പിടിച്ചെടുത്തതായി റിപ്പോർട്ടിൽ പറയുന്നു.
ഇടനിലക്കാരനിൽ നിന്ന് 21 ലക്ഷം രൂപയും ഏജൻസി പിടിച്ചെടുത്തു. രണ്ട് പ്രതികളെയും വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. തിരച്ചിലും അന്വേഷണവും തുടരുകയാണ്. ദില്ലിയിൽ നിന്നും ചണ്ഡീഗഡിൽ നിന്നുമുള്ള സിബിഐ സംഘങ്ങൾ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയതെന്ന് വൃത്തങ്ങൾ അറിയിച്ചു. 2009 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഭുള്ളർ, മൊഹാലിയിലെ എസ്എസ്പിയായും പട്യാല റേഞ്ചിലെ ഡിഐജിയായും സേവനമനുഷ്ഠിച്ചു. 2024 നവംബർ 27 ന് റോപ്പർ റേഞ്ചിലേക്ക് നിയമിതനായി. മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ അറസ്റ്റിലായ മുതിർന്ന അകാലിദൾ നേതാവ് ബിക്രം സിംഗ് മജീതിയയെ ചോദ്യം ചെയ്ത എസ്ഐടിയുടെയും തലവനായിരുന്നു ഭുള്ളര്‍.
പരാതിക്കാരനെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ ഒത്തുതീർക്കാൻ വേണ്ടിയും കൂടുതൽ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയും തന്റെ ഇടനിലക്കാരൻ വഴി 8 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാരോപിച്ച് ഐപിഎസ് ഉദ്യോഗസ്ഥനും കൂട്ടാളിക്കും എതിരെ 2025 ഒക്ടോബർ 16 ന് കേസ് രജിസ്റ്റർ ചെയ്തതിരുന്നതായി സിബിഐ പുറത്തിറക്കിയ പറയുന്നു.