പാക്കിസ്ഥാനെ വിറപ്പിച്ച സെെനികന് ഡബിള്‍ പ്രമോഷന്‍ നല്‍കി പഞ്ചാബ് സര്‍ക്കാര്‍

By Web TeamFirst Published Jul 29, 2019, 5:37 PM IST
Highlights

20 വര്‍ഷങ്ങള്‍ക്ക് മുമ്പ് സൈനിക ഉദ്യോഗസ്ഥനായിരുന്ന സത്പാല്‍ പഞ്ചാബ് പൊലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ എന്ന നിലയിലാണ് ട്രാഫിക് നിയന്ത്രിക്കുന്ന ജോലി ചെയ്തിരുന്നത്. രാജ്യം വീരചക്ര ബഹുമതി നല്‍കി ആദരിച്ച ഒരാള്‍ ഇപ്പോള്‍ ട്രാഫിക് ജോലി ചെയ്യുന്നതിനെ അന്ന് രാജ്യമൊന്നാകെ ചര്‍ച്ച ചെയ്തു

ചണ്ഡീഗഡ്: രാജ്യം കഴിഞ്ഞ ദിവസം കാര്‍ഗില്‍ വിജയദിവസ് ആചരിച്ചപ്പോള്‍ പഞ്ചാബിലെ സങ്ക്രൂരില്‍ ട്രാഫിക് നിയന്ത്രിക്കുന്ന സത്പാല്‍ സിംഗിന്‍റെ വീരകഥയും ചര്‍ച്ച ചെയ്തു.  20 വര്‍ഷങ്ങള്‍ക്ക് മുമ്പ് സൈനിക ഉദ്യോഗസ്ഥനായിരുന്ന സത്പാല്‍ പഞ്ചാബ് പൊലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ എന്ന നിലയിലാണ് ട്രാഫിക് നിയന്ത്രിക്കുന്ന ജോലി ചെയ്തിരുന്നത്.

20 വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യം വീരചക്ര ബഹുമതി നല്‍കി ആദരിച്ച ഒരാള്‍ ഇപ്പോള്‍ ട്രാഫിക് ജോലി ചെയ്യുന്നതിനെ അന്ന് രാജ്യമൊന്നാകെ ചര്‍ച്ച ചെയ്തു. 1999 ല്‍ കാര്‍ഗില്‍ യുദ്ധത്തിന്‍റെ ഭാഗമായി പാക്കിസ്ഥാനുമായി ടൈഗര്‍ ഹില്ലില്‍ നടത്തിയ ഏറ്റുമുട്ടലില്‍ പാക്കിസ്ഥാന്‍ ആര്‍മിയുടെ ക്യാപ്റ്റന്‍ കര്‍നാല്‍ ഷേര്‍ ഖാന്‍ ഉള്‍പ്പെടെ നാലുപേരെ സത്പാല്‍ വധിച്ചിരുന്നു.

ഇതിനാണ് രാജ്യം അദ്ദേഹത്തിന് വീരചക്ര നല്‍കി ആദരിച്ചത്. പാക്കിസ്ഥാന്‍ ഷേര്‍ഖാനെ പാക്കിസ്ഥാന്‍റെ പരമോന്നത ബഹുമതിയായ നിഷാന്‍ ഇ ഹൈദര്‍ നല്‍കിയും ആദരിച്ചിരുന്നു. കാര്‍ഗില്‍ വിജയദിവസില്‍ തന്നെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് സത്പാല്‍ പറഞ്ഞതിങ്ങനെ.

'' 1999 ജൂലൈ അഞ്ചിന് ഞങ്ങള്‍ ഏറ്റുമുട്ടലിന് തയ്യാറായി ടൈഗര്‍ കുന്നുകളില്‍ സ്ഥാനം പിടിച്ചിരുന്നു. അവിടെ അതിശൈത്യമായിരുന്നു ആ സമയത്ത്. കൂടുതല്‍ വസ്ത്രങ്ങള്‍ കരുതാമായിരുന്നിട്ടും ധരിച്ച വസ്ത്രം മാത്രമാണ് ഞങ്ങളുടെ പക്കലുണ്ടായിരുന്നത്. ആക്രമണം ഒന്നിനുപുറകെ ഒന്നായി വന്നുകൊണ്ടിരുന്നു. ഞങ്ങള്‍ ഓരോരുത്തരെയായി വീഴ്ത്തിക്കൊണ്ടുമിരുന്നു.

പാക്കിസ്ഥാനെ നയിച്ചിരുന്നത് മികച്ച ഓഫീസര്‍മാരില്‍ ഒരാളായിരുന്നു'' - സത്പാല്‍ പറഞ്ഞു. വെടിയുതിര്‍ക്കുമ്പോള്‍ സത്പാലിന് അറിയില്ലായിരുന്നു അത് പാക്കിസ്ഥാന്‍റെ ക്യാപ്റ്റന്‍ കര്‍ണാല്‍ ഷേര്‍ ഖാന്‍ ആയിരുന്നുവെന്ന്. 2009ലാണ് സത്പാല്‍ സൈന്യത്തില്‍ നിന്ന് വിരമിച്ചത്.

സൈന്യത്തില്‍ നിന്ന് വിരമിച്ചതിനുശേഷം എക്സ് സര്‍വ്വീസ് മെന്‍ ക്വാട്ടയില്‍ ജോലിക്ക് അപേക്ഷിച്ച സത്പാല്‍ ട്രാഫിക് പൊലീസില്‍ എത്തുകയായിരുന്നു. ''ചിലപ്പോള്‍ ഞാന്‍ എടുത്തത് മോശം തീരുമാനമായിരുന്നിരിക്കും. എക്സ് സര്‍വ്വീസ് മെന്‍ ക്വാട്ടയില്‍ അപേക്ഷിച്ചതിനാല്‍ ഞാനിവിടെ വെറും ഹെഡ്കോണ്‍സ്റ്റബിളാണ്. എന്‍റെ വീരചക്ര പരിഗണിക്കപ്പെടുന്നുപോലുമില്ല''; വിഷമത്തോടെ സത്പാല്‍ പറഞ്ഞു.

ഇപ്പോള്‍ ആ സങ്കടം പഞ്ചാബ് സര്‍ക്കാര്‍ പരിഹരിച്ചിരിക്കുകയാണ്. ഹെഡ് കോണ്‍സ്റ്റബിള്‍ ആയിരുന്ന സത്പാലിന് ഡബിള്‍ പ്രമോഷന്‍ നല്‍കി എ എസ് ഐ സ്ഥാനമാണ് സര്‍ക്കാര്‍ നല്‍കിയത്. ഇത്തരം അനീതികള്‍ ഇനി നടക്കാതിരിക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു.

Really happy to pipp war hero Satpal Singh as ASI. Only feel sorry he didn’t get his due earlier. We’ve decided to come out with policy to prevent such injustice in future. It’ll ensure 1-rank promotion for gallantry award winning defence & police personnel from Punjab. pic.twitter.com/tmGtvsCIeL

— Capt.Amarinder Singh (@capt_amarinder)
click me!