
അമൃത്സർ: ആം ആദ്മി സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങ് നാളെ നടക്കാനിരിക്കേ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും നീക്കി പഞ്ചാബ് (Punjab revoke all covid restrictions). വാർത്ത ഏജൻസിയായ യു.എൻ.ഐ ആണ് ഇക്കാര്യംറിപ്പോർട്ട് ചെയ്യുന്നത്. ദില്ലിക്ക് പുറത്ത് ആംആദ്മി അധികാരത്തിൽ എത്തുന്ന ആദ്യത്തെ സംസ്ഥാനമാണ് പഞ്ചാബ്. ധീരരക്തസാക്ഷി ഭഗത് സിങിൻ്റെ ജന്മഗ്രാമത്തിൽ വച്ചു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പഞ്ചാബിലെ മുഴുവൻ ജനങ്ങളേയും ക്ഷണിക്കുന്നതായി നേരത്തെ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞിരുന്നു.
സത്യപ്രതിജ്ഞാ ചടങ്ങിനായി വിപുലമായ ഒരുക്കങ്ങളാണ് പഞ്ചാബിലെ ഖത്കർ കലാൻ ഗ്രാമത്തിൽ നടക്കുന്നത്. പരിപാടിക്ക് വൻ ജനാവലിയെത്തുമെന്ന കണക്കുകൂട്ടലിൽ വേദിയും സദസും പാർക്കിംഗ് സൗകര്യങ്ങളുമെല്ലാം അതിവേഗം ഒരുക്കുകയാണ്. സത്യപ്രതിജ്ഞ ചടങ്ങിനായി 150 ഏക്കർ ഗോതമ്പ് പാടം താത്കാലികമായി സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ഏക്കർ ഒന്നിന് 45000 രൂപ കർഷകർക്ക് നഷ്ടപരിഹാരം നൽകിയാണ് ഇത്രയും ഭൂമി താത്കാലികമായി ഏറ്റെടുത്തിരിക്കുന്നത്. ഇത്രയും ഏക്കറിലെ ഗോതമ്പ് കൃഷി ഇതിനോടകം നശിപ്പിച്ചെന്നും ഷഹീദ് ഇ അസം ഭഗത് സിംഗ് രക്തസാക്ഷി സ്മാരകത്തിൻ്റേയും മ്യൂസിയത്തിൻ്റേയും അതിർത്തി ഭിത്തിയുടെ ഭാഗങ്ങൾ പൊളിച്ച് നീക്കിയെന്നുമാണ് വിവരം.
രണ്ട് ലക്ഷം പേരെ പ്രതീക്ഷിച്ചു കൊണ്ടുള്ള ഒരുക്കങ്ങളാണ് ഖത്കർ കാൽ ഗ്രാമത്തിൽ ഇപ്പോൾ നടത്തുന്നതെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ചീഫ് സെക്രട്ടറിയടക്കം ഉന്നതഉദ്യോഗസ്ഥർ സത്യപ്രതിജ്ഞാ ചടങ്ങ് വിജയമാക്കാൻ ഗ്രാമത്തിൽ ക്യാംപ് ചെയ്യുന്നുണ്ട്. ആയിരങ്ങളെ ഉൾക്കൊള്ളാവുന്ന തരത്തിൽ കൂറ്റൻ പന്തലും പാർക്കിംഗ് സ്ഥലവും നിർമ്മിക്കുന്നുണ്ട്.
ചീഫ് സെക്രട്ടറി അനിരുദ്ധ് തിവാരി, ഡിജിപി വികെ ഭാവ്‌ര, മുഖ്യമന്ത്രിയുടെ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിതനായ എ വേണു പ്രസാദ് എന്നിവരാണ് ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. പാർക്കിംഗ്, പൊതുജനങ്ങൾക്കുള്ള ഭക്ഷണം, വെള്ളം, സ്റ്റേജ്, വൈദ്യുതി വിതരണം, ശുചീകരണം, ആരോഗ്യം, ക്രമസമാധാനം, സുരക്ഷ എന്നിങ്ങനെ എല്ലാ സജ്ജമാക്കി സത്യപ്രതിജ്ഞ വിജയിപ്പിക്കാനുള്ള ഓട്ടത്തിലാണ് ഉദ്യോഗസ്ഥർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam