ആണ്‍ കുഞ്ഞിന് ജന്മം നല്‍കാത്തതിന് പൂജയും വഴിപാടും, ഭര്‍ത്താവും മാതാവും പീഡിപ്പിച്ചു; പരാതിയുമായി യുവതി

By Web TeamFirst Published Aug 10, 2022, 2:36 PM IST
Highlights

മാനസിക പീഡനവും ശാരീരിക പീഡനവും സഹിക്കാനാവാതെയാണ് പൊലീസിയില്‍ പരാതി നല്‍കിയതെന്നും യുവതി വ്യക്തമാക്കി.

ലുധിയാന: ആൺകുഞ്ഞിന് ജന്മം നൽകാത്തതിന്‍റെ പേരിൽ ഭര്‍ത്താവും ഭര്‍തൃമാതാവും പീഡിപ്പിക്കുന്നുവെന്ന് യുവതിയുടെ പരാതി. പഞ്ചാബിലെ ലുധിയാനയിലാണ് യുവതി ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഭർത്താവ് സുഖ്‌ദേവ് സിംഗും അമ്മയും സഹോദരിയും ചേർന്ന് തന്നെ നിരന്തരം പീഡിപ്പിക്കുകയും ആണ്‍കുഞ്ഞ് പിറക്കാനായി ചികിത്സയ്ക്കായി നിർബന്ധിക്കുകയും ചെയ്യുന്നുണ്ടെന്നാണ് പരാതി. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.

ആണ്‍കുഞ്ഞിന് ജന്മം നല്‍കിയില്ലെങ്കില്‍ വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഭര്‍ത്താവും ഭര്‍തൃമാതാവും നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഒരു വര്‍ഷത്തോളം തന്നെ പലതരത്തിലുള്ള ചികിത്സയ്ക്ക് വിധേയമാക്കി. മാനസിക പീഡനവും ശാരീരിക പീഡനവും സഹിക്കാനാവാതെയാണ് പൊലീസിയില്‍ പരാതി നല്‍കിയതെന്നും യുവതി വ്യക്തമാക്കി. മൂന്ന് പേരും തന്നെ നിരന്തരം അവഹേളിക്കുമായിരുന്നു. ആണ്‍കുഞ്ഞ് ജനിക്കാത്തത് തന്‍റെ കുറ്റംകൊണ്ടാമെന്നാണ് ഭര്‍ത്താവും ബന്ധുക്കളും ആരോപിച്ചിരുന്നതെന്ന് യുവതി പരാതിയില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം യുവതി നല്‍കി പരാതിയില്‍ ഒരു വര്‍ഷത്തോളം നീണ്ട അന്വേഷണത്തിലൊടുവിലാണ് പൊലീസ് കേസെടുത്തത്. യുക്തിക്ക് നിരക്കാത്തും അശാസ്ത്രീയവുമായ അന്ധവിശ്വാസങ്ങള്‍ ആചരിക്കാന്‍ സുഖ്ദേവ് സിംഗിന്‍റെ കുടുംബം യുവതിയെ നിര്‍ബന്ധിച്ചിരുന്നുവെന്ന് ലുധിയാന പൊലീസ് ഇന്‍സ്പെക്ടര്‍ ഗുര്‍ജിത് സിംഗ് ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

തനിക്ക് മേല്‍ അന്ധവിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ഭര്‍ത്താവും കുടുംബവും നിരന്തരം ശ്രമിച്ചിരുന്നതായി യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇത്തരം അന്ധവിശ്വാസം അടിച്ചേല്‍പ്പിക്കരുതെന്ന് നിരന്തരം ബോധ്യപ്പെടുത്തിയെങ്കിലും ഭീഷണിപ്പെടുത്തി പലതും ചെയ്യിച്ചെന്നാണ് യുവതി പറയുന്നത്.  യുവതിയുടെ ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയ പൊലീസ് പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുക്കുകയായിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമണത്തിനും ഗാര്‍ഹിക പീഡനത്തിനും കേസ് എടുത്തതായി പൊലീസ് അറിയിച്ചു.  
 

click me!