പൗരത്വ നിയമം: കേരളത്തിന് പിന്നാലെ പഞ്ചാബ് നിയമസഭയും പ്രമേയം കൊണ്ടു വരാനൊരുങ്ങുന്നു

By Web TeamFirst Published Jan 14, 2020, 11:00 AM IST
Highlights

പഞ്ചാബില്‍ നിയമസഭ പ്രമേയം പാസാക്കുന്ന പക്ഷം കോണ്‍ഗ്രസ് ഭരണത്തിലുള്ള രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്‍ഗഢ് എന്നീ സംസ്ഥാനങ്ങളും സമാനരീതിയില്‍ പ്രമേയം കൊണ്ടു വരാന്‍ സാധ്യതയുണ്ട്

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതിന് പിന്നാലെ ഇതേ മാതൃക പിന്തുടര്‍ന്ന് പഞ്ചാബും. പഞ്ചാബ് നിയമസഭയില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചു. 

കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന പഞ്ചാബില്‍ നിയമസഭ പ്രമേയം പാസാക്കുന്ന പക്ഷം കോണ്‍ഗ്രസ് ഭരണത്തിലുള്ള രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്‍ഗഢ് എന്നീ സംസ്ഥാനങ്ങളും സമാനരീതിയില്‍ പ്രമേയം കൊണ്ടു വരാന്‍ സാധ്യതയുണ്ട്. പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്ന് നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗം വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. 

പൗരത്വ നിയമത്തെ ചോദ്യം ചെയ്തു കൊണ്ട് കേരളം സുപ്രീംകോടതിയില്‍ എത്തിയ അതേ ദിവസമാണ് പഞ്ചാബ് സര്‍ക്കാര്‍ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കാനുള്ള നടപടികള്‍ക്ക് തുടക്കമിടുന്നത്. ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസാക്കിയ നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയത് ചോദ്യം ചെയ്ത് ബിജെപി നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായും നിയമമന്ത്രി രവിശങ്കര്‍ പ്രസാദും ഇക്കാര്യത്തില്‍ കേരളത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. 

മുസ്‍ലീം ലീഗ് അടക്കമുള്ള ചില കക്ഷികളും വിവിധ മുസ്‍ലീം സംഘടനകളും ഇതിനോടകം പൗരത്വ നിയമത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ എത്തിയിട്ടുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പൗരത്വ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയും കേസില്‍ കക്ഷി ചേരുകയും ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് കേരള സര്‍ക്കാര്‍ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കുന്നത്. പൗരത്വ നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ എത്തുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളം. 

click me!