
ജോഷിമഠ്: വിള്ളൽ വീണ കെട്ടിടങ്ങൾ പൊളിക്കുന്നതിനെതിരെ പ്രതിഷേധം രൂക്ഷമായതിനു പിന്നാലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നേരിട്ടെത്തി ജോഷിമഠ് സന്ദർശിച്ചു. ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് സഹായം നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വം ആണെന്ന് പുഷ്കർ സിംഗ് ധാമി പറഞ്ഞു. വിള്ളൽ വീണ എല്ലാ കെട്ടിടങ്ങളും തൽക്കാലം പൊളിക്കേണ്ട എന്നാണ് സർക്കാറിന്റെ തീരുമാനം.
നഷ്ടപരിഹാരം നിശ്ചയിക്കാതെ ജോഷിമഠിലെ വിള്ളൽ വീണ കെട്ടിടങ്ങൾ പൊളിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് സർക്കാറിൻറെ അനുനയ ശ്രമം. പൊളിക്കാനിരിക്കുന്ന ഹോട്ടലുകളുടെ ഉടമകളുമായി പ്രിൻസിപ്പൽ സെക്രട്ടറി മീനാക്ഷി സുന്ദരം ചർച്ച നടത്തി. അപകട സാധ്യതയേറിയ രണ്ട് ഹോട്ടലുകൾ പൊളിക്കാൻ സഹകരിക്കണമെന്നും, മറ്റ് കെട്ടിടങ്ങൾ പൊളിക്കാൻ പദ്ധതിയില്ലെന്നും പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കി. ഓരോ കുടുംബത്തിനും ഒന്നരലക്ഷം രൂപ സഹായധനമായി നൽകും. മാറിത്താമസിക്കുന്നതടക്കം അടിയന്തരാവശ്യങ്ങൾക്ക് ആദ്യഘട്ടത്തിൽ അമ്പതിനായിരം രൂപ അനുവദിക്കും
ഇതിനിടെ തെഹ്രി ജില്ലയിലെ ചമ്പയിലും കെട്ടിടങ്ങളിൽ വിള്ളൽ കണ്ടത് ആശങ്കയായി. നേരത്തെ കർണപ്രയാഗിലും കെട്ടിടങ്ങളിൽ വിള്ളൽ കണ്ടിരുന്നു. ഉത്തരാഖണ്ഡിലെ ഭൗമപ്രതിസന്ധിയെ കുറിച്ച് പഠിക്കാൻ കൂടുതൽ കേന്ദ്ര സംഘത്തെ നിയോഗിച്ചേക്കും. ജോഷിമഠിൽ 150 ലധികം കുടുംബങ്ങളെ ആണ് ഇതുവരെ മാറ്റിത്താമസിപ്പിച്ചത്. മഴ പെയ്യാനുള്ള സാധ്യത നിലനിൽക്കെ, അതിനു മുമ്പ് വിള്ളൽ വീണ കെട്ടിടങ്ങളിൽ കഴിയുന്ന മുഴുവൻ പേരെയും മാറ്റിത്താമസിപ്പിക്കാനുള്ള ശ്രമത്തിലാണ് ജില്ലാഭരണകൂടം. ശനിയാഴ്ച്ചയ്ക്ക് ശേഷം കെട്ടിടങ്ങളിൽ പുതിയ വിള്ളൽ രൂപപ്പെടാത്തതും വെള്ളം ഊർന്നിരുന്ന ഇടങ്ങളിൽ അത് കുറഞ്ഞതും ആശ്വാസമായാണ് സർക്കാർ കണക്കാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam