
ദില്ലി: റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിന്റെ സന്ദർശന വേളയിൽ ആയുധ കരാറുകൾ ഉണ്ടാവില്ലെന്ന് സർക്കാർ വൃത്തങ്ങൾ. വാർഷിക ഉച്ചകോടിയിൽ കരാറുകളിൽ ഒപ്പിടാറില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സുഖോയ് 57, എസ് 400 എന്നിവയിൽ ചർച്ച നടക്കുമെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തീരുമാനിക്കുന്നത് കമ്പനികൾ ആണെന്നിരിക്കെ ഇക്കാര്യത്തിൽ കൂടുതൽ ചർച്ചയുണ്ടാവില്ല. റഷ്യയിൽ നിന്ന് കൂടുതൽ രാസവളം ഇറക്കുമതി ചെയ്യാൻ സാധ്യതയുണ്ട്. കൂടംകുളത്തെ എല്ലാ റിയാക്ടറുകളും പൂർത്തിയാക്കുന്നതിൽ ചർച്ച നടക്കും. റഷ്യൻ സേനയിൽ റിക്രൂട്ട് ചെയ്ത എല്ലാവരെയും തിരിച്ചയക്കാം എന്ന് റഷ്യ അറിയിച്ചിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. മറ്റന്നാൾ വൈകിട്ടാണ് വ്ളാദിമിർ പുടിൻ ദില്ലിയിലെത്തുന്നത്.