
ബെംഗളൂരു : ബെംഗളൂരുവിൽ എടിഎമ്മിലേക്കുള്ള പണവുമായി പോയ വാഹനം കവർന്നതിന്റെ ഞെട്ടൽ മാറും മുമ്പേ വീണ്ടും മറ്റൊരു കവർച്ച. ബെലഗാവിയിൽ എടിഎം മെഷീൻ മുഴുവനായും എടുത്തുമാറ്റി ഉന്തുവണ്ടിയിൽ വെച്ച് കടത്തിക്കൊണ്ടുപോയാണ് കവർച്ച നടത്തിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ബെലഗാവിയെ ഞെട്ടിച്ച മോഷണം നടന്നത്. ദേശീയ പാത-48-നോട് ചേർന്ന ഹോസവന്തമുരിയിലാണ് കവർച്ച നടന്നത്.
മൂന്ന് പേർ ഒരു ഉന്തുവണ്ടിയുമായാണ് എത്തിയത്. എംടിഎം കൌണ്ടറിൽ അതിക്രമിച്ച് കടന്നു. അലാറമടിക്കുന്നത് ഒഴിവാക്കാനായി സെൻസറുകളിൽ കറുത്ത പെയിന്റ് സ്പ്രേ ചെയ്തു. സിസ്റ്റം പ്രവർത്തനരഹിതമാക്കിയ ശേഷം, സംഘം മെഷീൻ വേർപെടുത്തി ഉന്തുവണ്ടിയിൽ കയറ്റി. ഏതാണ്ട് 200 മീറ്ററോളം തള്ളിയ ശേഷം അവിടെ കാത്തുനിന്ന വാഹനത്തിലേക്ക് കയറ്റി രക്ഷപ്പെടുകയായിരുന്നു. കവർച്ച നടക്കുമ്പോൾ എടിഎമ്മിൽ ഒരു ലക്ഷം രൂപയിലധികം പണമുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. പ്രതികളെ കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല.