രവീന്ദ്രനാഥ ടാഗോറിന്റേത് ഇരുണ്ട നിറം, അമ്മ എടുക്കാൻ പോലും മടിച്ചു; വിവാദമായി കേന്ദ്രമന്ത്രിയുടെ വാക്കുകൾ

By Web TeamFirst Published Aug 19, 2021, 3:07 PM IST
Highlights

അമ്മയും മറ്റ് ചില ബന്ധുക്കളും ടാഗോറിനെ എടുക്കാൻ പോലും താത്പര്യപ്പെട്ടിരുന്നില്ലെന്നും മന്ത്രി പ്രസംഗത്തിനെടെ പറഞ്ഞത് വലിയ വിവാദമായിരിക്കുകയാണ്.

കൊൽക്കത്ത: ഇന്ത്യയിലെ ആദ്യ നോബൽ സമ്മാന ജേതാവായ രവീന്ദ്രനാഥ ടാഗോറിന്റേത് ഇരുണ്ട നിറമെന്ന കേന്ദ്രമന്ത്രി സുഭാസ് സർക്കാരിന്റെ വാക്കുകൾ വിവാദത്തിൽ. ടാഗോറിന്റേത് ഇരുണ്ട നിറമായതിനാൽ അദ്ദേഹത്തോട് അമ്മ മറ്റുമക്കളിൽ നിന്ന് വ്യത്യസ്തമായാണ് ഇടപെട്ടിരുന്നതെന്നാണ് സുഭാസ് സർക്കാർ പറഞ്ഞത്. ടാഗോറിന്റെ കുടുംബത്തിലെ മറ്റുള്ളവരിൽ നിന്ന വ്യത്യസ്തമായി അദ്ദേഹം ഇരുണ്ട നിറമുള്ള ആളായിരുന്നുവെന്നും മന്ത്രി പറഞ്ഞു. 

അമ്മയും മറ്റ് ചില ബന്ധുക്കളും ടാഗോറിനെ എടുക്കാൻ പോലും താത്പര്യപ്പെട്ടിരുന്നില്ലെന്നും മന്ത്രി പ്രസംഗത്തിനെടെ പറഞ്ഞത് വലിയ വിവാദമായിരിക്കുകയാണ്. ശാന്തിനികേതനിൽ ടാഗോർ നിർമ്മിച്ച വിശ്വഭാരതി യൂണിവേഴ്സിറ്റി സന്ദർശിച്ചപ്പോഴാണ് അദ്ദേഹം വിവാദ പ്രസംഗം നടത്തിയത്.ഇതോടെ സാംസ്കാരിക പ്രവർത്തകരും പ്രതിപക്ഷ പാർട്ടികളും മന്ത്രിക്കെതിരെ രംഗത്തെത്തി. വിദ്യാഭ്യാസമന്ത്രിക്ക് വിവരമില്ലെന്ന് ചിലർ പരിഹസിച്ചു. ബംഗാളിന്റെ പ്രതീകമായ ടാഗോറിനെ അപമാനിച്ചുവെന്ന് ത്രിണമൂൽ കോൺഗ്രസ് പ്രതികരിച്ചു. 

സുഭാസ് സർക്കാറിനെ ഒരിക്കൽക്കൂടി വിശ്വഭാരതി യൂണിവേഴ്സിറ്റിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ടിഎംസി നേതാവ് അഭിഷേക് ബാനർജി പറഞ്ഞു. ബിജെപിയുടെ വംശീയ, ബംഗാൾ വിരുദ്ധ മുഖമാണ് ഇതിലൂടെ കാണുന്നതെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം സുജൻ ചക്രവർത്തി കൂട്ടിച്ചേർത്തു. 

click me!