റഫാലിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി; പുതിയ രേഖകള്‍ സ്വീകരിക്കാന്‍ അനുമതി

By Web TeamFirst Published Apr 10, 2019, 10:46 AM IST
Highlights

 റഫാലില്‍ കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ സുപ്രീം കോടതി തള്ളി. പുതിയ രേഖകൾ സ്വീകരിക്കാൻ സുപ്രീംകോടതി അനുമതി നൽകി.

ദില്ലി: റഫാലിൽ കേന്ദ്രസർക്കാരിന് തിരിച്ചടിയായി സുപ്രീംകോടതി വിധി. റഫാലില്‍ കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ സുപ്രീം കോടതി തള്ളി, പുതിയ രേഖകൾ സ്വീകരിക്കാൻ അനുമതി നൽകി. റഫാല്‍ രേഖകള്‍ക്ക് വിശേഷാധികാരമുണ്ടെന്നും പുനപരിശോധനാഹര്‍ജികളില്‍ വാദം കേള്‍ക്കുമ്പോള്‍ പരിഗണിക്കരുതെന്നുമുളള കേന്ദ്രസര്‍ക്കാര്‍ വാദത്തിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി.  

റഫാല്‍ രേഖകള്‍ പുനപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി. റഫാൽ ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികൾ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. ആ വിധി തുറന്ന കോടതിയിൽ കേൾക്കവെയാണ് പുതിയ രേഖകൾ ഹര്‍ജിക്കാര്‍ കോടതിക്ക് കൈമാറിയത്. പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് മോഷ്ടിച്ച രേഖകളാണ് ഇതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ വാദം. 

രാജ്യസുരക്ഷക്ക് തന്നെ ഭീഷണിയാകുന്ന രേഖകളാണ് ചോര്‍ത്തിയതെന്നും അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാൽ കോടതിയെ അറിയിച്ചിരുന്നു. രേഖകൾ സ്വീകരിക്കാൻ കോടതി തീരുമാനിച്ചാൽ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയ തിരിച്ചടിയാകും. അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, മുൻ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിൻഹ, അരുണ്‍ ഷൂരി എന്നിവരാണ് ഹര്‍ജിക്കാര്‍.

click me!