അന്വേഷണം തുടരണമെന്ന് നിര്‍ദേശിച്ച കോടതി, കുറ്റപ്പത്രത്തിൽ ഇടപെടാൻ വിസമ്മതിക്കുകയായിരുന്നു. കേസിൽ എഫ്ഐആർ എടുത്തിട്ടില്ല. ഈ നടപടികൾ പൂർത്തിയാക്കി വീണ്ടും അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന് തിരിച്ചടി. ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ദില്ലി റൗസ് അവന്യു കോടതി ഇടപെടാൻ വിസമ്മതിച്ചു. സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെന്നും, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി കുറ്റപത്രം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു. സ്വകാര്യ അന്യായത്തിൻ്റെ അടിസ്ഥാനത്തിലാണ് കുറ്റപ്പത്രം. നടപടികൾ പൂർത്തിയാക്കി വീണ്ടും അന്വേഷണം നടത്താൻ നിർദ്ദേശമുണ്ട്. കോടതി നടപടി നെഹ്റു കുടുംബത്തിന് താൽക്കാലിക ആശ്വാസമാണ്.
നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവര്‍ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചത്. 2000 കോടിയുടെ തട്ടിപ്പെന്നായിരുന്നു കുറ്റപത്രത്തിൽ ആരോപണം. ഈ കുറ്റപ്പത്രമാണ് പ്രത്യേക ഇഡി കോടതിയിൽ സമർപിച്ചത്. എതെങ്കിലും എഫ്ഐആറിൻ്റെ അടിസ്ഥാനത്തിൽ അല്ല നിലവിൽ ഇഡി കേസെടുത്ത് കുറ്റപ്പത്രം നൽകിയതെന്ന് കോടതി നിരീക്ഷിച്ചു. ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നൽകിയ സ്വകാര്യ അന്യായത്തിൻ്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം. എഫ് ഐ ആറിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ കള്ളപ്പണ നിരോധന നിയമപ്രകാരം കേസ് എടുക്കാനാകൂ. ഇത് ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റപ്പത്രം സ്വീകരിക്കാൻ വിസമ്മതിച്ചത്.
നിലവിൽ നാഷണൽ ഹെറാൾഡ് കേസിലെ ഗൂഢാലോചനയിൽ ദില്ലി പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.കേസിൽ സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുൽഗാന്ധി രണ്ടാം പ്രതിയുമാണ്. സാം പിത്രോഡ, ഓസ്കാർ ഫെർണാണ്ടസ്, മോത്തിലാൽ വോറ, സുമൻ ദുബൈ എന്നിവരാണ് മറ്റു പ്രതികൾ. യങ് ഇന്ത്യ കമ്പനി അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിൻ്റെ 90 കോടിയിലധികം രൂപയുടെ കടം 50 ലക്ഷം രൂപയുടെ നാമമാത്ര തുകയ്ക്ക് ഏറ്റെടുത്തു എന്നാണ് കേസ്. കോടതി നടപടി രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർക്ക് താൽകാലിക ആശ്വാസമാണ്.



