ചിദംബരത്തെ സ്വഭാവഹത്യ ചെയ്യാന്‍ മോദി സര്‍ക്കാരിന്‍റെ ശ്രമം: രാഹുല്‍

By Web TeamFirst Published Aug 21, 2019, 1:17 PM IST
Highlights

നേരത്തെ പ്രിയങ്ക ഗാന്ധിയും ചിദംബരത്തിന് പിന്തുണയുമായി എത്തിയിരുന്നു.  വിശ്വസ്തതയോടെ രാജ്യത്തെ സേവിച്ച വ്യക്തിയാണ് ചിദംബരമെന്ന് അവര്‍ ട്വീറ്റ് ചെയ്തു

ദില്ലി: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ സിബിഐ തേടുന്ന മുൻധനമന്ത്രി പി ചിദംബരത്തെ പിന്തുണച്ച് മുന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിബിഐയെയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെയും ഉപയോഗിച്ച് ചിദംബരത്തെ സ്വഭാവഹത്യ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

Modi's Govt is using the ED, CBI & sections of a spineless media to character assassinate Mr Chidambaram.

I strongly condemn this disgraceful misuse of power.

— Rahul Gandhi (@RahulGandhi)

അധികാരത്തെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നതിനെ അപലപിക്കുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി. നേരത്തെ പ്രിയങ്ക ഗാന്ധിയും ചിദംബരത്തിന് പിന്തുണയുമായി എത്തിയിരുന്നു.  വിശ്വസ്തതയോടെ രാജ്യത്തെ സേവിച്ച വ്യക്തിയാണ് ചിദംബരമെന്ന് അവര്‍ ട്വീറ്റ് ചെയ്തു.

നാണംകെട്ട ഭീരുക്കള്‍ ചിദംബരത്തെ വേട്ടയാടുകയാണ്. എന്ത് വിലകൊടുത്തും സത്യത്തിനായി പൊരുതുമെന്നും പ്രിയങ്ക വ്യക്തമാക്കി. അതേസമയം, പി ചിദംബരത്തിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കാനിരിക്കവേ ചിദംബരത്തിനായി ലുക്ക് ഔട്ട് നോട്ടീസ് സിബിഐ പുറപ്പെടുവിച്ചിട്ടുണ്ട്.  

മൂന്നു തവണ  ചിദംബരത്തിന്‍റെ വീട്ടിലെത്തിയിട്ടും അദ്ദേഹത്തെ കാണാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അടിയന്തരമായി ഹാജരാകണമെന്ന് വ്യക്തമാക്കി സിബിഐ ചിദംബരത്തിന് നോട്ടീസ് നല്‍കിയെങ്കിലും അതിനോടും ചിദംബരം പ്രതികരിച്ചിരുന്നില്ല.

ഐഎൻഎക്സ് മീഡിയ കമ്പനിക്ക് 2007-ൽ വിദേശഫണ്ട് ഇനത്തിൽ ലഭിച്ചത് 305 കോടി രൂപയാണ്.  അഴിമതിയാരോപിക്കപ്പെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യയുപിഎ സർക്കാരിൽ ചിദംബരമായിരുന്നു ധനമന്ത്രി. ഈ ഇടപാട് നടക്കാൻ വഴിവിട്ട സഹായം നൽകുകയും ധനവകുപ്പിൽ നിന്ന് ക്ലിയറൻസ് നൽകിയതും ചിദംബരമാണെന്നാണ് കേസ്.

click me!