അമിത് ഷായെ ലക്ഷ്യമിട്ട് രാഹുൽ ഗാന്ധി, 'ആക്രമണങ്ങളിൽ നേരിട്ടുത്തരവാദി'; പ്രധാനെ സംരക്ഷിച്ച പ്രധാനമന്ത്രി മാപ്പ് പറയണം, രാജി ആഘോഷിച്ച് കോൺഗ്രസ്

Published : Jul 25, 2026, 08:35 PM IST
Rahul Gandhi

Synopsis

വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആഘോഷമാക്കി കോൺഗ്രസ്. വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഉത്തരവാദിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ദില്ലി: നീറ്റ് ക്രമക്കേടുകളെത്തുടർന്നുള്ള പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ആഘോഷമാക്കി കോൺഗ്രസ്. മുൻ ദേശീയ അധ്യക്ഷനും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യതലസ്ഥാനത്ത് മെഴുകുതിരികൾ കത്തിച്ചായിരുന്നു ആഘോഷം. ഇതിനിടെ മാധ്യമങ്ങളെ കണ്ട രാഹുൽ ഗാന്ധി, ആർ എസ് എസ് രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പൂർണ്ണമായി പിടിച്ചടക്കിയിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി. രാജിവെച്ച മന്ത്രിക്ക് ഇത്രയും കാലം സംരക്ഷണമൊരുക്കിയത് പ്രധാനമന്ത്രിയാണെന്നും അതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികളോട് മാപ്പ് പറഞ്ഞാൽ മാത്രമേ ഈ പ്രശ്നം അവസാനിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര മന്ത്രി അമിത് ഷായെ ലക്ഷ്യമിട്ടും രാഹുൽ കടന്നാക്രമണം നടത്തി. പ്രക്ഷോഭത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണങ്ങളിൽ അമിത് ഷായ്ക്ക് നേരിട്ട് ഉത്തരവാദിത്തമുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞുവച്ചത്. സമരത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ അക്രമം അഴിച്ചുവിട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പുകൾ അവഗണിക്കുന്ന ഭരണകൂടത്തിന് ഇനിയും കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി. പ്രധാന്‍റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് രാജ്യമെമ്പാടും കോൺഗ്രസ് പ്രവർത്തകർ മെഴുകുതിരികൾ തെളിയിച്ചുള്ള ആഘോഷങ്ങൾക്കും രാഹുൽ ആഹ്വാനം നൽകി.

സന്തോഷം പ്രകടിപ്പിച്ച് പ്രിയങ്ക ഗാന്ധി

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിൽ പ്രതികരിച്ച പ്രിയങ്ക ഗാന്ധി, ഇതൊരു ചരിത്ര ദിനമാണെന്നും രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ നിർണായക നിമിഷമാണെന്നുമാണ് അഭിപ്രായപ്പെട്ടത്. അടിച്ചമർത്തലുകൾക്കെതിരെ ഒരടിപോലും പിന്നോട്ട് പോകാതെ പോരാടിയ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും വീരോചിതമായ വിജയമാണിത്. ജനവിരുദ്ധമായി പ്രവർത്തിക്കുന്ന എല്ലാ ഭരണാധികാരികൾക്കുമുള്ള ശക്തമായ മുന്നറിയിപ്പും പാഠവുമാണ് ഈ ജനകീയ വിജയമെന്നും പ്രിയങ്ക വ്യക്തമാക്കി. വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേരെ വലിയ രീതിയിലുള്ള പൊലീസ് അതിക്രമങ്ങളും കണ്ണീർവാതക പ്രയോഗങ്ങളും ഉണ്ടായിട്ടും അവർ ഭയപ്പെടാതെ ഉറച്ചുനിന്നു. തന്റെ സഹോദരൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ ഈ പോരാട്ടത്തിൽ അവർക്കൊപ്പം അടിയുറച്ചു നിന്നതിൽ അഭിമാനമുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. രാജ്യത്തെ ജനകീയ ശക്തി വീണ്ടെടുത്ത ഈ ശുഭദിനത്തിൽ, ഭരണഘടനയെയും ജനാധിപത്യ സ്വാതന്ത്ര്യത്തെയും സ്നേഹിക്കുന്ന പ്രസ്ഥാനങ്ങളും പൊതുസമൂഹവും എന്നും വിദ്യാർത്ഥികൾക്കൊപ്പം നിലകൊള്ളുമെന്നും അവർ വ്യക്തമാക്കി. അതിനിടെ കേന്ദ്രത്തിനെതിരായ തുടർ പ്രക്ഷോഭം ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച രാവിലെ 9.45 ന് എ ഐ സി സി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ വസതിയിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേരുമെന്ന് കെ സി  വേണുഗോപാൽ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ധർമ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും വിജയം, സന്തോഷം പങ്കിട്ട് സോനം വാങ്ചുക്; വിദ്യാർഥികൾക്ക് അഭിനന്ദനം
'മികച്ച മന്ത്രിയായിരുന്നു', പ്രധാനെ പുകഴ്ത്തി കേന്ദ്രമന്ത്രിമാരും ബിജെപി അധ്യക്ഷനും, വിദ്യാഭ്യാസ മേഖലയിൽ പരിഷ്ക്കാരം വരുത്തിയ നേതാവെന്ന് നിതിൻ നവീൻ