
ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി എംപി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപിക്ക് വേണ്ടി ഇലക്ഷൻ കമ്മീഷൻ കൂട്ടു നിന്നെന്ന് രാഹുൽ ദില്ലിൽ വാർത്താ സമ്മേനത്തിൽ ആരോപിച്ചു. നരേന്ദ്ര മോദിക്ക് അധികാരത്തിൽ എത്താൻ 25 സീറ്റകളിലെ അട്ടിമറി വേണ്ടി വന്നൊളു. ഇതുകൊണ്ടാണ് കമ്മിഷൻ ഡിജിറ്റൽ വോട്ടർ റോൾ തരാത്തത്. ഭരണഘടനക്കെതിരായ കുറ്റകൃത്യമാണ് നടന്നതെന്നും രാഹുൽ ആരോപിച്ചു.
2024 ബാംഗ്ലൂർ സെൻട്രൽ ലോക് മൻസൂർ അലി ഖാന് (INC) എതിരെ പിസി മോഹൻ (BJP) ആണ് മത്സരിച്ചത്. ലോക്സഭയിലേക്ക് ആകെ പോൾ ചെയ്ത വോട്ടുകളിൽ കോൺഗ്രസിന് 6,26,208 പേരാണ്. ബിജെപിക്ക് 6,58,915 പേരും. വ്യത്യാസം- 32,707. മഹാദേവപുര അസംബ്ലി സെഗ്മെന്റ് കണക്കുകൾ പ്രകാരം കോൺഗ്രസ് - 1,15,586 പേർ, ബിജെപി - 2,29,632 പേർ, വ്യത്യാസം- 1,14,046 പേർ. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ കണക്കുകളാണ്. ഒരുലക്ഷം വ്യാജ വോട്ടർമാരാണുളളത്. ഇന്ത്യയിലെ ജനങ്ങളോട് ആണ് ഞങ്ങൾ പറയുന്നത്. മുഴുവൻ സിസ്റ്റവും മോഷ്ടിക്കുകയാണ്. ഇലക്ട്രോണിക് വോട്ടർ കണക്കുകളും സിസിടിവി ദൃശ്യങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ തരുന്നില്ലെങ്കിൽ അതിന്റെ അർത്ഥം അവരും ഈ കൊള്ളയിൽ പങ്കാളികളാണെന്നാണ്- രാഹുൽ തുറന്നടിച്ചു.
പല ഇടങ്ങളിലും ഇത് നടന്നിട്ടുണ്ടെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യം തകർന്നു. താൻ പറയുന്നത് സത്യമായതുകൊണ്ടാണ് തനിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്ക് മുതിരാത്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരമാണ് ഞാൻ ഇതെല്ലാം പറയുന്നത്. പാവപ്പെട്ടവർക്ക് ഈ രാജ്യത്ത് അവരുടെ കയ്യിലുള്ള ഒരേയൊരു അധികാരം കവർച്ച ചെയ്യപ്പെടുകയാണ്. അതിൽ ഒരു മോഡൽ മാത്രമാണ് ഇപ്പോൾ കാണിച്ചത്. ഇത് എവിടെ വേണമെങ്കിലും നടപ്പാക്കാവുന്നതാണ്. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. വോട്ടർ പട്ടികയിലെ ക്രമക്കേടുകളെ കുറിച്ച് രാഷ്ട്രീയപാർട്ടികൾ പരാതി പറയുന്നില്ല എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തെറ്റാണ്.
കർണാടകയിലെ മണ്ഡലങ്ങളിലെ വോട്ട് കണക്കുകളും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. കർണാടകയിൽ കോൺഗ്രസ് പ്രതീക്ഷിച്ചത് 16 സീറ്റുകളാണ്. എന്നാൽ കിട്ടിയത് 9 ആയിരുന്നു. നഷ്ടമായ ഒരു ലോക്സഭ സീറ്റിലെ, ഒരു നിയമസഭ സീറ്റ് പഠിച്ചു. മഹാദേവ് പുര നിയമസഭാ മണ്ഡലമാണ് പഠിച്ചത്. മഹാദേവ് പുര നിയമസഭാ മണ്ഡലം- ലോക് സഭ: ബിജെപി ഭൂരിപക്ഷം 32,707, ഈ മണ്ഡലത്തിൽ 1,14,046 ബിജെപി ഭൂരിപക്ഷം. ഒറ്റ നിയമസഭാ മണ്ഡലത്തിൻ്റെ ബലത്തിൽ ആ ലോക്സഭ സീറ്റ് ബിജെപി ജയിച്ചു. 1,00,250 വോട്ട് മോഷ്ടിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
നാലു ബൂത്തുകളിൽ ഒരേ ആളുടെ പേരുണ്ടായിരുന്നുവെന്ന് രാഹുൽ പറഞ്ഞു. ഇതിന് തെളിവുകൾ കാണിച്ച രാഹുൽ, ഫോം 6 ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ചു. ഒരാൾ പല സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിലുണ്ടെന്നാണ് ആരോപണം. 40000ത്തിനു മുകളിൽ വ്യാജ വിലാസങ്ങൾ, വീട്ട് നമ്പർ 0 എന്ന രീതിയിൽ നിരവധി വിലാസങ്ങൾ, പിതാവിന്റെ പേരിന്റെ സ്ഥാനത്ത് അക്ഷരങ്ങൾ മാത്രമുള്ളത്, ഒരു വീട്ടിൽ 80 വോട്ടർമാർ, ഒരേ വീട്ടു നമ്പർ തിരിച്ചറിയൽ ഫോട്ടോകൾ ഇല്ലാത്ത 4000 വോട്ടർമാർ തുടങ്ങി നിരവധി കാര്യങ്ങളാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഇക്കാര്യം അന്വേഷിക്കാൻ ചെന്ന പ്രവർത്തകരെ മർദിച്ചുവെന്നും രാഹുൽ പറഞ്ഞു.
പല കുടുംബങ്ങളിൽ നിന്നുള്ള 46 പേർക്ക് ഒറ്റ വിലാസം, 68 പേർക്ക് ഒരു വ്യവസായ സ്ഥാപനത്തിൻ്റെ വിലാസം, വോട്ടർമാർ ഫോം 6 ദുരുപയോഗം ചെയ്തു, ആദ്യമായി വോട്ട് ചെയ്യുന്നവർ നൽകുന്ന ഫോം ആണിത്, 70 വയസ്സുള്ള സ്ത്രീ വരെ ഈ ഫോം നൽകി, ഈ സ്ത്രീ രണ്ടിടങ്ങളിൽ വോട്ട് ചെയ്തു, ഇവരുടെ പേരിൽ വോട്ട് ചെയ്തതിൻ്റെ 2 സ്ലിപ്പുകൾ, എന്നാൽ ഈ ലിസ്റ്റിൽ 18 നും 25നും ഇടയിൽ പ്രായമുള്ള ആരുമില്ല. ഒരു ലക്ഷത്തിലധികം വോട്ടുകൾ ഇത്തരത്തിൽ പല മാർഗങ്ങളിലൂടെ മോഷ്ടിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 25 സീറ്റുകൾ ജയിച്ചത് 33000 വോട്ടുകളിൽ താഴെ ഭൂരിപക്ഷത്തിലാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam