ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനെയി കൊല്ലപ്പെട്ടുവെന്ന വാർത്തയെ തുടർന്ന് ഷിയ വിഭാഗം പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് ഇവിടെ അതീവ ജാഗ്രത തുടരുന്നത്.
ശ്രീനഗർ: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഷിയാ വിഭാഗം തെരുവിലിറങ്ങിയതോടെ ശ്രീനഗറിലെ ലാൽ ചൗക്കിൽ സുരക്ഷാസേന അതീവ ജാഗ്രത തുടരുകയാണ്. തിങ്കളാഴ്ച നടന്ന പ്രതിഷേധം പിരിച്ചുവിടാൻ പൊലീസിന് കണ്ണീർ വാതകം പ്രയോഗിക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ സുരക്ഷ ശക്തമാക്കിയത്.
യുഎസും ഇസ്രായേലും നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനെയി കൊല്ലപ്പെട്ടതെന്ന വാർത്തകൾക്ക് പിന്നാലെയാണ് കശ്മീരിലെ ഷിയാ വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയത്. ഞായറാഴ്ച, ശ്രീനഗറിലെ ഐക്യരാഷ്ട്രസഭയുടെ സൈനിക നിരീക്ഷക സംഘത്തിൻ്റെ ആസ്ഥാനത്തിന് പുറത്ത് ആയിരക്കണക്കിന് ആളുകൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഖമനെയിയുടെ ചിത്രങ്ങളും ഇറാനെ പിന്തുണയ്ക്കുന്ന ബാനറുകളും കൈകളിലേന്തിയായിരുന്നു പ്രതിഷേധം. സമാധാനപരമായാണ് പ്രകടനങ്ങൾ നടന്നത്.
ശ്രീനഗറിലെ തെരുവുകളിൽ കറുത്ത കൊടികളും ഖമനെയിയുടെ ചിത്രങ്ങളും ഉയർന്നു. പരമ്പരാഗത വിലാപഗാനമായ 'നൗഹ' മുഴക്കിയായിരുന്നു ആളുകൾ പ്രതിഷേധിച്ചത്. രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലും ഷിയാ വിഭാഗം ഖമനെയിയുടെ മരണത്തിൽ അനുശോചിക്കുകയും യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
പശ്ചിമേഷ്യയിലും സംഘർഷം രൂക്ഷം
ഇറാഖ്, സൗദി അറേബ്യ, ലെബനൻ എന്നിവിടങ്ങളിൽ നിരവധി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ രൂക്ഷമായി തുടരുകയാണ്. ഇറാഖിൽ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം സായുധ സംഘം ഏറ്റെടുത്തു. അൽ ജസീറ റിപ്പോർട്ട് പ്രകാരം, ഇറാഖിലെ എർബിലിലുള്ള ഒരു ഹോട്ടലിന് നേരെ ആക്രമണം നടത്തിയതായി ഒരു ഇറാഖി സായുധ സംഘം അവകാശപ്പെട്ടു. യുഎസ് സൈനികർ താമസിക്കുന്ന ഹോട്ടലാണ് ആക്രമിച്ചതെന്നാണ് ഇവരുടെ വാദം.
സൗദിയിൽ ഡ്രോണുകൾ തകർത്തു
സൗദി അറേബ്യയിൽ, റിയാദ്, അൽ-ഖർജ് നഗരങ്ങൾക്ക് സമീപം എട്ട് ഡ്രോണുകൾ തടഞ്ഞ് നശിപ്പിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അൽ അറേബ്യയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
ലെബനനിൽ ഇസ്രയേൽ ആക്രമണം
അതേസമയം, ലെബനനിൽ ഹിസ്ബുള്ളയുമായി ബന്ധമുള്ള അൽ-മനാർ എന്ന ചാനലിൻ്റെ ആസ്ഥാനം ഇസ്രയേൽ ആക്രമിച്ചതായി ഐആർഎൻഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണം നടന്ന് മിനിറ്റുകൾക്കകം ചാനൽ സംപ്രേഷണം പുനരാരംഭിച്ചതായും ഐആർഎൻഎ റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ, ഹിസ്ബുള്ളയുടെ ഇൻ്റലിജൻസ് വിഭാഗം തലവനെ രാത്രി നടത്തിയ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതായി ഇസ്രായേൽ അറിയിച്ചിരുന്നു. ഹിസ്ബുള്ളയുടെ സൈനിക പ്രവർത്തനങ്ങൾ നിരോധിക്കുമെന്ന് ബെയ്റൂട്ട് സർക്കാർ വ്യക്തമാക്കുകയും ചെയ്തു. ഹിസ്ബുള്ളയുടെ ഇൻ്റലിജൻസ് ആസ്ഥാനത്തിൻ്റെ തലവനായ ഹുസൈൻ മക്ലെദാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു.


