
ദില്ലി: ജെന്‍സികളോടടുക്കുന്നതിന്‍റെ ഭാഗമായി ദില്ലിയിലെ ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിലെ വിദ്യാർഥികളെ അഭിസംബോധന ചെയ്തതിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിഹാറില്‍ പോലീസ് വെടിവയ്പിന് ഇരയായ വിദ്യാര്‍ത്ഥികളെ പൊതു സമക്ഷം എത്തിച്ച് പുതിയ വിഡിയോയുമായാണ് രാഹുല്‍ ഗാന്ധി വിമർശനം കടുപ്പിച്ചത്. എ കെ 47 തോക്കിലൂടെ തകര്‍ത്ത വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ തിരികെ നല്‍കാന്‍ പ്രധാനമന്ത്രിക്കാകുമോയെന്ന ചോദ്യമാണ് രാഹുല്‍ ഉയർത്തിയത്. ദിമാഗി നക്സല്‍ പ്രയോഗം ആവര്‍ത്തിച്ച പ്രധാനമന്ത്രിക്കെതിരെ കോക്ക് റോച്ച് ജനത പാര്‍ട്ടിയും വിമര്‍ശനം കടുപ്പിച്ചു.
ജന്തര്‍മന്തറിലെ സി ജെ പി സമരത്തിന് ഐക്യദാര്‍ഡ്യവുമായി ബിഹാറില്‍ നടന്ന പ്രക്ഷോഭത്തിന് നേരയുണ്ടായ വെടിവയ്പിന് ഇരയായ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുന്ന പുതിയ വിഡിയോയാണ് രാഹുല്‍ ഗാന്ധി സമൂഹ മാധ്യമത്തില്‍ പങ്ക് വച്ചത്. തോളിന് വെടിയേറ്റ വിദ്യാര്‍ത്ഥി പോലീസ് വെടിവെയ്പിനെ കുറിച്ച് വിശദീകരിച്ചു. കാലിന് പരിക്കേറ്റ മറ്റൊരു വിദ്യാര്‍ത്ഥിയും ചികിത്സ വൈകിയതുള്‍പ്പടെയുള്ള കാര്യങ്ങള്‍ വിവരിച്ചു. നിയമ നടപടികളിലടക്കം ഒപ്പമുണ്ടാകുമെന്ന ഉറപ്പ് രാഹുല്‍ ഗാന്ധി നല്‍കി. പെല്ലെറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് നീതി തേടി പാര്‍ലമെന്‍റ് സ്ട്രീറ്റ് പോലീസില്‍ പ്രതിഷേധിച്ചതിന് പിന്നാലെ ബിഹാറിലെ വിദ്യാര്‍ത്ഥികളുടെ വിഷയത്തിലും ഇടപെടാനാണ് രാഹുലിന്‍റെ നീക്കം. ജെന്‍സി ഭാഷയില്‍ സംസാരിച്ച് രാജ്യത്തെ യുവതക്കൊപ്പം എന്ന ഉറപ്പ് പ്രധാനമന്ത്രി നല്‍കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ മറുപടി തേടിയുള്ള രാഹുലിന്‍റെ അടുത്ത നീക്കം.
അതേസമയം ശ്രീറാം കോളേജില്‍ സംസാരിച്ച മോദിക്കെതിരെ കോണ്‍ഗ്രസും സി ജെ പിയും വിമര്‍ശനം കടുപ്പിച്ചു. വിദ്യാര്‍ത്ഥി പ്രതിഷേധം ഭയന്നാണ് രാത്രിയില്‍ പ്രസംഗിക്കാന്‍ മോദി പോയതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയെ കോപ്പിയടിക്കാന്‍ നോക്കുകയാണെന്നും കോണ്‍ഗ്രസ് പരിഹസിച്ചു. ചോദ്യം ചോദിക്കുന്ന തലമുറയെ ദിമാഗി നക്സലുകളായി ചിത്രീകരിക്കുന്നത് നാണം കെട്ട പ്രവൃത്തിയാണെന്ന് സി ജെ പിയും കുറ്റപ്പെടുത്തി. ചുരുക്കത്തില്‍ യുവതക്കൊപ്പമെന്ന അവകാശവാദവുമായി പ്രധാനമന്ത്രിയും, രാഹുൽ ഗാന്ധിയും, സി ജെ പി നേതാക്കളും തമ്മിലുള്ള മത്സരം കടുക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam