ഗുജറാത്ത് ആസ്ഥാനമായുള്ള ആറ് രാഷ്ട്രീയ പാർട്ടികൾക്ക് 2022-23ൽ 1500 കോടിയിലധികം രൂപ സംഭാവനയായി ലഭിച്ചു, ഇത് പ്രമുഖ ദേശീയ പാർട്ടികൾക്ക് ലഭിച്ചതിനേക്കാൾ കൂടുതലാണ്. ഈ പാർട്ടികളുടെ വിലാസങ്ങൾ ദുരൂഹവും പ്രവർത്തനങ്ങൾ പരിമിതവുമായതിനാൽ ഫണ്ടിന്റെ ഉറവിടത്തെയും വിനിയോഗത്തെയും കുറിച്ച് സംശയങ്ങൾ ഉയരുന്നു.

അഹമ്മദാബാദ്: ഗുജറാത്ത് ആസ്ഥാനമായി രജിസ്റ്റർ ചെയ്തതും സജീവമായി പ്രവർത്തിക്കാത്തതുമായ ആറ് രാഷ്ട്രീയ പാർട്ടികൾക്ക് 2022-23 ൽ 1,500 കോടിയിലധികം രൂപ സംഭാവന ലഭിച്ചെന്ന് കണക്ക്. ഇത് ബിജെപി ഒഴികെയുള്ള, കോൺഗ്രസടക്കം എല്ലാ ദേശീയ പാർട്ടികൾക്കും ലഭിച്ച മൊത്തം സംഭാവനകളേക്കാൾ കൂടുതലാണ്. സത്യവാദി രക്ഷക് പാർട്ടി, ആം ജന്മത്ത് പാർട്ടി, ഗരീബ് കല്യാൺ പാർട്ടി, സ്വതന്ത്ര അവിവ്യക്തി പാർട്ടി, ഭാരതീയ നാഷണൽ ജനതാദൾ, ന്യൂ ഇന്ത്യ യുണൈറ്റഡ് പാർട്ടി എന്നീ ആറ് പാർട്ടികൾക്കാണ് പണം കിട്ടിയത്. ഇവയിൽ അഞ്ച് പാർട്ടികളുടെ ആസ്ഥാനം അഹമ്മദാബാദിലും ഒന്ന് ആനന്ദിലുമാണ്. ബിബിസി ഹിന്ദിയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആറ് പാർട്ടികളും ചേർന്ന് 15 സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. 2022-23 ൽ 138 കോടി മുതൽ 620 കോടി വരെയാണ് ഓരോ പാർട്ടികൾക്കും സംഭാവന ലഭിച്ചത്. 2024 ലായിരുന്നു ലോക്സഭ തെരഞ്ഞെടുപ്പ്. ഏറ്റവും കൂടുതൽ ഫണ്ട് ലഭിച്ചത് ആം ജൻമത് പാർട്ടിക്കാണ്, 620 കോടി രൂപ. ഗരീബ് കല്യാൺ പാർട്ടിക്കാണ് ഏറ്റവും കുറവ് സംഭാവന കിട്ടിയത്, 138 കോടി രൂപ. സത്യവാദി രക്ഷക് പാർട്ടിക്ക് 330 കോടി രൂപയും ന്യൂ ഇന്ത്യ യുണൈറ്റഡ് പാർട്ടിക്ക് 200 കോടി രൂപയും ലഭിച്ചതായാണ് കണക്കുകൾ. രജിസ്റ്റർ ചെയ്ത പാർട്ടികൾക്ക് സംഭാവനയായി നൽകുന്ന പണത്തിന്, ഈ പണം നൽകുന്നവർക്ക് നികുതി ഇളവ് നേടാനാവും. നിയമപരമായി സംഭാവന സ്വീകരിക്കാൻ പാർട്ടികൾക്ക് അവകാശമുണ്ട്. അതേസമയം ആദായനികുതി വകുപ്പ് ചില ദാതാക്കളിൽ നിന്ന് നികുതി പിരിച്ചതായും ബിബിസി റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

എന്നാൽ ആറ് പാർട്ടികളുടെയും വിലാസം തേടിയുള്ള അന്വേഷണങ്ങൾ റെസിഡൻഷ്യൽ ഫ്ലാറ്റുകളിലും കടമുറികളിലുമാണ് എത്തിയതെന്ന് റിപ്പോർട്ട് പറയുന്നു. ഇതിൽ പലതും അടച്ചിട്ട നിലയിലായിരുന്നു. പാർട്ടിക്ക് ലഭിച്ച സംഭാവന ജീവകാരുണ്യ പ്രവർത്തനത്തിനായി ഉപയോഗിച്ചെന്നും ചെലവാക്കിയ പണത്തിൻ്റെ രേഖ സൂക്ഷിച്ചില്ലെന്നുമാണ് സത്യവാദി രക്ഷക് പാർട്ടിയുടെ പ്രസിഡൻ്റ് പ്രതികരിച്ചത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സത്യവാദി രക്ഷക് പാർട്ടി ഒരു സ്ഥാനാർത്ഥിയെ മാത്രമേ നിർത്തിയിരുന്നുള്ളൂ. എന്നിട്ടും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 8 കോടി രൂപ ചെലവഴിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന് കണക്ക് സമർപ്പിച്ചിരുന്നു.

രാജ്യത്ത് 2,800 രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ 73 പാർട്ടികളെ മാത്രമാണ് അംഗീകരിച്ചിട്ടുള്ളത്. ഇവയിൽ ബിജെപി, കോൺഗ്രസ്, എഎപി, ബിഎസ്‌പി, സിപിഎം, എൻപിപി എന്നിവ ദേശീയ പാർട്ടികളാണ്. രജിസ്റ്റർ ചെയ്ത എല്ലാ പാർട്ടികളും അവരുടെ അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്‌ത് 20,000 രൂപയിൽ കൂടുതൽ സംഭാവന നൽകുന്ന ദാതാക്കളുടെ വിശദാംശങ്ങൾ അടക്കം ആദായ നികുതി റിട്ടേൺ രേഖകൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിക്കണമെന്നുമാണ് തട്ടം. തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത 800-ലധികം അംഗീകാരമില്ലാത്ത പാർട്ടികളുടെ രജിസ്ട്രേഷൻ തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയിരുന്നു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 15 സ്ഥാനാർത്ഥികളെ ഒന്നിച്ച് നിർത്തിയ ആറ് ഗുജറാത്ത് പാർട്ടികൾക്കും, പരിമിതമായ രാഷ്ട്രീയ സാന്നിധ്യം ഉണ്ടായിരുന്നിട്ടും ഒരു തിരഞ്ഞെടുപ്പ് സാന്നിധ്യം ഉണ്ടായിരുന്നു.