
ദില്ലി: ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ വീണ്ടും പരിതാപകരമായ നിലയിൽ. 107 രാജ്യങ്ങളുടെ പട്ടികയിൽ 94ാം റാങ്കിലാണ് ഇന്ത്യ. ഈ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. മോദി സര്‍ക്കാര്‍ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ പോക്കറ്റ് നിറയ്ക്കുന്ന തിരക്കിലാണെന്ന് രാഹുല്‍ തുറന്നടിച്ചു.
“ഇന്ത്യയിലെ ദരിദ്രർക്ക് വിശക്കുന്നു, കാരണം ചില പ്രിയപ്പെട്ട സുഹൃത്തുക്കളുടെ പോക്കറ്റുകൾ നിറയ്ക്കുന്നതിൽ സർക്കാർ തിരക്കിലാണ്,” രാഹുല്‍ ട്വീറ്റ് ചെയ്തു. ആഗോള പട്ടിണി സൂചികയിൽ അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, മ്യാന്മാർ, പാക്കിസ്ഥാൻ എന്നിവരെല്ലാം ഇന്ത്യക്കൊപ്പം അതീവ ഗുരുതര സ്ഥിതിയുള്ള രാജ്യങ്ങളുടെ ഗണത്തിലാണെങ്കിലും ഇന്ത്യയെക്കാൾ മുന്നിലാണ്.
കഴിഞ്ഞ വർഷം 117 രാജ്യങ്ങളുടെ പട്ടികയിൽ 102ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ദാരിദ്ര നിർമ്മാർജ്ജന പദ്ധതികൾ നടപ്പിലാക്കുന്നതിലെ പിഴവ്, കാര്യക്ഷമമായ നിരീക്ഷണം ഇല്ലാത്ത സ്ഥിതി, പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിലെ പോരായ്മ തുടങ്ങിയവയാണ് മോശം സ്ഥിതിക്ക് കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ബംഗ്ലാദേശ് 75ാം റാങ്കിലും മ്യാന്മർ 78ാം റാങ്കിലും പാക്കിസ്ഥാൻ 88ാം സ്ഥാനത്തുമാണ്. നേപ്പാൾ 73ാം സ്ഥാനത്തും ശ്രീലങ്ക 64ാം സ്ഥാനത്തുമുണ്ട്. ഈ രണ്ട് രാജ്യങ്ങളും മോഡറേറ്റ് കാറ്റഗറിയിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam