
ഡൽഹി:ഇ 20 പെട്രോളിലും പ്രധാനമന്ത്രിയെ സംവാദത്തിന് ക്ഷണിച്ച് വിവാദം കൊഴുപ്പിക്കാന്‍ രാഹുല്‍ ഗാന്ധി. കര്‍ണ്ണാടകയില്‍ നടത്തിയ പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ പെട്രോളിയം കമ്പനികള്‍ക്കെതിരെ നടപടിക്ക് തയ്യാറാകുമോയെന്ന് രാഹുല്‍ ഗാന്ധി മോദിയോട് ചോദിച്ചു. പുതിയ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ മന്ത്രി നിതിന്‍ ഗഡ്ക്കരിക്കെതിരായ നീക്കം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമം ഇതിനിടെ ആരോപണം എണ്ണക്കമ്പനികള്‍ നിഷേധിച്ചു. കര്‍ണ്ണാടകയിലെ 7 ജില്ലകളില്‍ വിതരണം ചെയ്യുന്ന പെട്രോള്‍ സാമ്പിളുകളില്‍ നടത്തിയ പരിശോധനയുടെ ഫലം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറിയതിന് പിന്നാലെയാണ് എഥനോള്‍ പെട്രോളിലെ വ്യതിയാനത്തിന്‍റെ കണക്ക് പുറത്ത് വിട്ടുള്ള രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ നീക്കം. പെട്രോളില്‍ 20 ശതമാനം എഥനോള്‍ മാത്രമേയുള്ളൂവെന്നാണ് മോദി സര്‍ക്കാരിന്‍റെ അവകാശ വാദം.എന്നാല്‍ 14 സാമ്പിളുകളിലെ പരിശോധന ഫലത്തില്‍ 11 എണ്ണത്തിലും എഥോനോളിന്‍റെ അളവ് 20 ശതമാനത്തിനും മുകളിലാണ്.
31.2 ശതമാനമാണ് ഇന്ത്യൻ ഓയിൽ പെട്രോളിൽ എഥനോളിന്റെ സാന്നിധ്യം. എച്ച്പിസിഎല്ലിൽ 30.5 ശതമാനവും ബിപിസിഎല്ലിൽ 26.5 ശതമാനവും നയാരയിൽ 26.1 ശതമാനവും ഷെല്ലിൽ 25.5 ശതമാനവും എഥനോൾ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.ഇതിനോടകം പുറത്ത് വന്ന കണക്ക് ചൂണ്ടിക്കാട്ടി വാഹനങ്ങള്‍ക്കുണ്ടാക്കുന്ന കേടു പാടുകള്‍ക്ക് ആര് ഉത്തരവാദിത്തം പറയുമെന്ന് രാഹുല്‍ ഗാന്ധി ചോദിക്കുന്നു. ഒരു കമ്പനി പോലും പെട്രോളിലെ എഥനോളിന്‍റെ അളവ് എവിടെയും അറിയിക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യുന്നില്ല. 20 ശതമാനത്തിലധികം എഥനോള്‍ കലര്‍ത്തുന്ന കമ്പനികള്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കും. ഈ നയം കൊണ്ട് ആര്‍ക്ക് പ്രയോജനം എന്ന ചോദ്യങ്ങള്‍ ഉന്നയിച്ച് വിശദമായ സംവാദത്തിന് രാഹുല്‍ ഗാന്ധി മോദിയെ ക്ഷണിച്ചു. പരിശോധന ഫലത്തോട് പെട്രോളിയം മന്ത്രാലയം പ്രതികരിച്ചിട്ടില്ല. എന്നാല്‍ സാമ്പിള്‍ ശേഖരിച്ചതിന്‍റെയും, പരിശോധനയുടെയും രീതി അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്ന് ചൂണ്ടിക്കാട്ടി പരിശോധന ഫലം എണ്ണ കമ്പനികള്‍ തള്ളുകയാണ്.
ബിഐഎസ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമാണ് എഥനോള്‍ കലര്‍ത്തുന്നതെന്നും, സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും അളവ് ഉറപ്പ് വരുത്തിയിട്ടുള്ളതാണെന്നും കമ്പനികള്‍ വിശദീകരിച്ചു. ഒരിക്കല്‍ തണുത്ത് പോയ എഥനോള്‍ പെട്രോളിനെതിരായ സമരം പൊടി തട്ടിയെടുക്കാനുള്ള സാധ്യതയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തിലുള്ളത്. അച്ഛന്‍ നയം ഉണ്ടാക്കും മക്കള്‍ പണവും എന്ന ആരോപണവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരിക്കെതിരെ വിഷയം പ്രതിപക്ഷം സജീവമാക്കിയിരുന്നു. ഗഡ്ക്കരിയുടെ മക്കള്‍ക്ക് പങ്കാളിത്തമുള്ള പഞ്ചസാര, എഥനോള്‍ ഉത്പാദന കമ്പനികള്‍ക്ക് വേണ്ടിയാണ് ഇ20 നയമെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കിയിരുന്നെങ്കിലും നീറ്റ് പ്രതിഷേധത്തിനിടെ മുങ്ങി പോയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam