ബിഐഎസ് മാനദണ്ഡങ്ങൾ പാലിച്ചാണ് എഥനോൾ ചേർക്കുന്നതെന്ന് കമ്പനികൾ വ്യക്തമാക്കി.
ബെംഗളൂരു: പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ സാന്നിധ്യമുണ്ടെന്ന കർണാടക സർക്കാരിന്റെ കണ്ടെത്തൽ തള്ളി എണ്ണ കമ്പനികൾ. പരിശോധന അംഗീകൃത രീതിയിലല്ലെന്നാണ് എണ്ണ കമ്പനികളുടെ വാദം. കർണാടക സർക്കാരിന്റെ കണ്ടെത്തൽ തള്ളി എണ്ണ കമ്പനികൾ സംയുക്ത വാർത്താക്കുറിപ്പ് ഇറക്കി. പെട്രോളിൽ എത്തനോള് കലർത്തുന്നത് ബിഐഎസ് മാർഗ്ഗനിർദേശങ്ങൾ പാലിച്ച് മാത്രമാണ്. കർണാടകമടക്കം 27 സംസ്ഥാനങ്ങളിലും പരിശോധന നടത്തിയതാണെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വിശദമാക്കുന്നത്. ഈ പരിശോധനയിൽ കണ്ടെത്തിയത് 19 മുതൽ 21 ശതമാനം വരെ എഥനോളിന്റെ സാന്നിധ്യമാണെന്നും എണ്ണ കമ്പനികൾ വിശദമാക്കുന്നത്. കർണാടക സർക്കാർ ഇന്നലെ പുറത്തുവിട്ട ഞെട്ടിക്കുന്ന കണ്ടെത്തലാണ് എണ്ണ കമ്പനികൾ തള്ളിയത്. പെട്രോളിൽ 31 ശതമാനത്തിൽ അധികം എഥനോൾ ഉണ്ട് എന്നായിരുന്നു കണ്ടെത്തൽ. പരിശോധനാഫലം കർണാടക സർക്കാർ കേന്ദ്രത്തിന് കൈമാറിയിരുന്നു.
ബെംഗളൂരു ഉൾപ്പെടെ 7 നഗരങ്ങളിൽ കർണാടക സർക്കാർ പരിശോധന നടത്തിയിരുന്നു. പൊതുമേഖലാ, സ്വകാര്യ മേഖല എണ്ണ കമ്പനികളിലെ പെട്രോൾ പരിശോധിച്ചു. മിക്കയിടങ്ങളിലും എഥനോൾ സാന്നിധ്യം 30 ശതമാനത്തിലും അധികമാണെന്നാണ് കണ്ടെത്തൽ. ഇന്ത്യൻ ഓയിൽ പെട്രോളിലാണ് ഏറ്റവും അധികം എഥനോൾ കണ്ടെത്തിയത്. 31.2 ശതമാനമാണ് ഇന്ത്യൻ ഓയിൽ പെട്രോളിൽ എഥനോളിന്റെ സാന്നിധ്യം. എച്ച്പിസിഎല്ലിൽ 30.5 ശതമാനവും ബിപിസിഎല്ലിൽ 26.5 ശതമാനവും നയാരയിൽ 26.1 ശതമാനവും ഷെല്ലിൽ 25.5 ശതമാനവും എഥനോൾ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ആവർത്തിച്ചാവശ്യപ്പെട്ടിട്ടും കമ്പനികൾ കണക്ക് നൽകിയിരുന്നില്ല.ഈ സാഹചര്യത്തിലാണ് കർണാടക സർക്കാർ നേരിട്ട് പരിശോധിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തിൽ നിന്നുള്ള 63 പെട്രോൾ സാംപിളുകളാണ് പഠന വിധേയമാക്കിയത്.
എഥനോൾ പെട്രോൾ വിഷയത്തിൽ മോദിയെ സംവാദത്തിന് ക്ഷണിച്ച് രാഹുൽ ഗാന്ധി.കർണാടക സർക്കാരിന്റെ പരിശോധന ഫലം പുറത്ത് വിട്ടാണ് സംവാദത്തിന്റെ ക്ഷണം. 14 സാമ്പിളുകളിൽ 11 എണ്ണത്തിലും എഥനോളിൻ്റെ അളവ് 20 ശതമാനത്തിനും മുകളിലെന്നാണ് കർണാടക സർക്കാർ കണ്ടെത്തിയത്.കർണ്ണാടകയിൽ 14 സാമ്പിളുകളിൽ 11 എണ്ണത്തിലും എഥനോളിൻ്റെ അളവ് 20 ശതമാനത്തിനും മുകളിലെന്ന് രാഹുൽ വിശദമാക്കുന്നത്. അളവിൽ കൂടുതൽ എഥനോൾ ടാങ്കിലേക്ക് എത്തുന്നത് മൂലം വാഹനം വേഗത്തിൽ കേടാകുമെന്നും രാഹുൽ വിശദമാക്കുന്നത്.














