
ഭോപ്പാൽ: ബിജെപിക്കെതിരെ അതിശക്തമായ ആരോപണമുന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മധ്യപ്രദേശിൽ ജോഡോയാത്രക്കിടെയായിരുന്നു പരാമർശം. "ഞങ്ങൾ മധ്യപ്രദേശിലെ തെഞ്ഞെടുപ്പിൽ വിജയിച്ചു. അത് ഞങ്ങളുടെ സർക്കാരായിരുന്നു. എന്നാൽ അവർ (ബിജെപി) 20-25 അഴിമതിക്കാരായ എംഎൽഎമാർക്ക് കോടികൾ നൽകി അവരെ വാങ്ങി സർക്കാർ രൂപീകരിച്ചു," ബുർഹാൻപൂരിൽ നടന്ന റാലിയിൽ രാഹുൽ പറഞ്ഞു. 2020ലാണ് രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ 20ലധികം നേതാക്കളുമായി ബിജെപിയിലേക്ക് പോയത്.
"എല്ലാ ജനാധിപത്യ വഴികളും അടഞ്ഞതിനാലാണ് ഞങ്ങൾ ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. ലോക്‌സഭയും തെരഞ്ഞെടുപ്പ് വഴികളും മാധ്യമങ്ങളും എല്ലാം അടഞ്ഞുകിടക്കുകയാണ്. എല്ലാ സ്ഥാപനങ്ങളെയും ആർഎസ്എസും ബിജെപിയും ഒതുക്കി മൂലയ്ക്കിരുത്തി. അവിടങ്ങളിലെല്ലാം സ്വന്തം ആളുകളെക്കൊണ്ട് നിറച്ചു. നിയമസംവിധാനം സമ്മർദ്ദത്തിലാണ്, കോടതികൾ സമ്മർദ്ദത്തിലാണ്. അതുകൊണ്ട് ഒരു വഴി മാത്രമേ ഉള്ളൂ എന്ന് ഞങ്ങൾ കരുതി. റോഡിലിറങ്ങുക, ജനങ്ങളെ ആശ്ലേഷിക്കുക, കർഷകരെ ശ്രദ്ധിക്കുക, തൊഴിലാളികളുടെയും ചെറുകിട വ്യാപാരികളുടെയും വാക്കുകൾ ശ്രദ്ധിക്കുക, അവരോടൊപ്പം ചേരുക," രാഹുൽ കൂട്ടിച്ചേർത്തു.
നെഹ്‌റു-ഗാന്ധി കുടുംബവുമായി ചരിത്രപരമായ ബന്ധമുള്ള ബോദർലി ഗ്രാമത്തിലൂടെയാണ് കാൽനട ജാഥ ഇന്ന് രാവിലെ മധ്യപ്രദേശിലേക്ക് എത്തിയത്. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും ഈ പ്രദേശം നിരവധി തവണ സന്ദർശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ജോഡോ യാത്ര കടന്നുപോകുന്ന അഞ്ച് ലോക്‌സഭാ സീറ്റുകളിലും 26 നിയമസഭാ സീറ്റുകളിലും രാഹുൽ ഗാന്ധി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പ്രതീക്ഷ. ഇവിടെ രണ്ട് അസംബ്ലി സീറ്റുകൾ ഒഴികെ എല്ലായിടത്തും ബിജെപിയാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്ന് സംസ്ഥാനം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
Read Also: അസം - മേഘാലയ അതിര്‍ത്തിയിലെ വെടിവയ്പ്പ്: മേഘാലയ മുഖ്യമന്ത്രി അമിത് ഷായെ കാണും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam