
ദില്ലി: ദില്ലി എയിംസിൽ രാവിലെ മുതൽ തുടരുന്ന സർവ്വർ തകരാറ് റാൻസംവെയർ ആക്രമണമെന്ന് സംശയം. രാവിലെ ഏഴു മണിമുതൽ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ളവ ഓൺലൈൻ ആയി അപ്ഡേറ്റ് ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല. നാഷണൽ ഇൻഫോമാറ്റിക്സ് സെൻറർ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും രാത്രി വൈകിയിട്ടും പരിഹരിക്കാൻ കഴിയാതെ വന്നതോടെയാണ് റാൻസംവെയർ ആക്രമണം ആണോ എന്ന സംശയം ഉയർന്നത്. കൂടുതൽ സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയിട്ടുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. ഓരോ ദിവസവും ലക്ഷക്കണക്കിന് രോഗികളെ ചികിത്സിക്കുന്ന സ്ഥലമാണ് ദില്ലി എയിംസ്.