
ദില്ലി: അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബി ആർ ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. 2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ വച്ച് ‘എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന്’ രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് കേസിനാധാരം.
തുടർന്ന് ഗുജറാത്തിലെ ബിജെപി നേതാവ് പൂർണേഷ് മോദി നൽകിയ അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. സ്റ്റേ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ അയോഗ്യത നീങ്ങി രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടും. പരാതിക്കാരനായ ബിജെപി എംഎൽഎ പൂർണേഷ് മോദി തടസ്സ ഹർജി നൽകിയിട്ടുണ്ട്.
കേസിൽ ജില്ലാ കോടതിയെയാണ് രാഹുൽ ഗാന്ധി സമീപിച്ചത്. എന്നാൽ, അപ്പീൽ തള്ളിയതോടെ രാഹുൽ ഗുജറാത്ത് ഹൈക്കോടതിയിലെത്തി. എന്നാൽ, മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളി. രാഹുൽ കുറ്റക്കാരനെന്ന വിധി ഉചിതമാണെന്നും ശിക്ഷാ വിധിയിൽ തെറ്റില്ലെന്നും ഇടപെടേണ്ട സാഹചര്യമില്ലെന്നുമാണ് ഗുജറാത്ത് കോടതി വ്യക്തമാക്കിയത്.
10 ലേറെ ക്രിമിനൽ കേസുകൾ രാഹുലിനെതിരെയുണ്ടെന്നും രാഹുൽ സ്ഥിരമായി തെറ്റ് ആവർത്തിക്കുന്നതായി ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്‍റെ ബഞ്ച് നിരീക്ഷിച്ചു. പാർലമെന്‍റ് അംഗം എന്ന നിലയ്ക്കും രണ്ടാമത്തെ വലിയ പാർട്ടിയുടെ അധ്യക്ഷനെന്ന നിലയ്ക്കും രാഹുലിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര കുറ്റമാണ്.
ഇത് വ്യക്തിപരമായ ഒരു മാനനഷ്ടക്കേസല്ല, ഒരു വലിയ വിഭാഗത്തെ അപമാനിച്ച കേസാണ്. മോദി എന്നത് വ്യക്തമായ സമുദായമല്ലെന്ന വാദം നിലനിൽക്കില്ല. രാഹുലിനെതിരെ പത്തോളം ക്രിമിനൽ കേസുകളുണ്ട്. രാഷ്ട്രീയത്തിൽ സംശുദ്ധി അത്യന്താപേക്ഷിതമാണ്. ജനപ്രതിനിധിക്ക് കളങ്കിത ചരിത്രമുണ്ടാവരുത്. രാഹുൽ കുറ്റം ആവർത്തിക്കുന്നുവെന്നും വിധിയിൽ പറഞ്ഞിരുന്നു. ഇതോടെയാണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam