Latest Videos

രാഹുൽ ഗാന്ധിക്കെതിരായ വ്യാജ വീഡിയോ കേസ്, യുപിക്കെതിരെ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി

By Web TeamFirst Published Jul 7, 2022, 7:45 AM IST
Highlights

രാഹുല്‍ഗാന്ധിയുടെ വ്യാജവീഡിയോ കേസില്‍ വിവിധയിടങ്ങളില്‍ കേസെടുത്തതോടെ രോഹിത് രഞ്ജൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്

ദില്ലി: കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്കെതിരായ വ്യാജ വീഡിയോ കേസിൽ യുപിയിൽ തുടരാൻ ഛത്തീസ്ഗഡ് പൊലീസിന് സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി. ഛത്തീസ്‌ഗഡ് പൊലീസിനെ സഹായിക്കാതെ യു പി പൊലീസ് രാഷ്ട്രീയം കളിക്കുകയാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെൽ കുറ്റപ്പെടുത്തി. സീ ന്യൂസ് അവതാരകനായ രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യാനാവാത്തത് ഉത്തർപ്രദേശ് സർക്കാരിന്റെ ഇടപെടൽ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ സീ ന്യൂസ് അവതാരകനായ രോഹിത് ര‌ജ്ഞൻ നല്‍കിയ ഹ‍ർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. രാഹുല്‍ ഗാന്ധിയുടെ വ്യാജ വീഡിയോ കേസില്‍ വിവിധ ഇടങ്ങളില്‍ കേസെടുത്തതോടെയാണ് രോഹിത് ര‌ഞ്ജൻ സുപ്രീം കോടതിയെ സമീപിച്ചത്. രോഹിത് ര‌ഞ്ജൻ ഒളിവിലാണെന്ന് ഇന്നലെ ഛത്തീസ്ഗഡ് പൊലീസ് പ്രഖ്യാപിച്ചിരുന്നു. യു പി പൊലീസ് രോഹിത് ര‌ഞ്ജനെ കസ്റ്റഡിയിലെടുത്ത് രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് ആരോപിച്ച് ഛത്തീസ്ഗഡ് പൊലീസ് മുതിര്‍ന്ന യു പി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

കേസിൽ രോഹിത് രഞ്ജനെ യുപി പോലീസ് അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചിരുന്നു. അറസ്റ്റിന് ശേഷം ചോദ്യം ചെയ്തതായും പിന്നീട് കോടതി ജാമ്യം അനുവദിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോകാൻ അനുവദിച്ചതെന്നും യു പി പോലീസ് അറിയിച്ചു. വ്യാജ വീഡിയോ സംപ്രേഷണം ചെയ്തുവെന്ന സീ ന്യൂസിന്റെ തന്നെ പരാതിയിലാണ് അവതാരകനായ രോഹിത് രഞ്ജനെ യു പി പോലീസ് അറസ്റ്റ് ചെയ്തത്. ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ നാടകീയമായി ഇന്നലെ യു പി പോലീസ് രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേ സമയം ബി ജെ പിയുടെ എംപി രാജിവർദ്ധൻ സിംഗ് റാത്തോഡ് അടക്കമുള്ളവർക്കെതിരെയും വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന്  ഛത്തീസ്ഗഡ് , രാജസ്ഥാൻ പോലീസ് കേസെടുത്തിരുന്നു

 

click me!