
ദില്ലി: രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാനുളള പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി. എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നും രാജ്യത്തെ ജനാധിപത്യത്തിന്റെ ശബ്ദത്തിനായാണ് താൻ പോരാടുന്നതെന്നും രാഹുൽ ആവര്‍ത്തിച്ചു.
'മോദിയും അദാനിയും തമ്മിലുള്ള ദീർഘകാല ബന്ധം തുറന്ന് കാട്ടിയതാണ് ഈ പ്രശ്നങ്ങൾക്കെല്ലാം തുടക്കമിട്ടത്. അദാനിയുമായി ബന്ധപ്പെടുത്തി ചോദ്യങ്ങൾ ഉന്നയിച്ചതോടെ തന്നെ ഉന്നമിട്ടു. പക്ഷേ അയോഗ്യതയ്ക്കും ഭീഷണിക്കുമൊന്നും എന്നെ നിശബ്ദനാക്കാൻ സാധിക്കില്ല. അദാനിയുടെ ഷെൽ കമ്പനിയിൽ ഇരുപതിനായിരം കോടി നിക്ഷേപിച്ചാരാണെന്ന് വ്യക്തമാക്കണം. അദാനിക്കായി ചട്ടങ്ങൾ ഭേദഗതി ചെയ്ത് വിമാനത്താവളങ്ങൾ നൽകി. ഇതെല്ലാം പുറത്ത് കൊണ്ടുവരികയും ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് എന്നെ നിശബ്ദനാക്കാൻ ശ്രമിക്കുന്നത്. ഞാൻ ഉന്നയിച്ച ഒരു ചോദ്യത്തിനും മറുപടി ലഭിച്ചിട്ടില്ല. സ്പീക്കറെ നേരിട്ട് കണ്ടിട്ടും തന്നെ ലോക്സഭയിൽ സംസാരിക്കാൻ അനുവദിച്ചില്ല.
പാര്‍ലമെന്റിലെ തന്റെ അടുത്ത പ്രസംഗത്തെ ഭയന്നാണ് പ്രധാനമന്ത്രി തന്നെ അയോഗ്യനാക്കിയത്. അദാനിയും മോദിയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാരിക്കുകയാണ് അയോഗ്യനാക്കപ്പെട്ടത്. രാജ്യത്തെ നിയമ സംവിധാനങ്ങളെ ബഹുമാനിക്കുന്നു. സത്യത്തിന് വേണ്ടി പോരാടുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യം. അയോഗ്യതയോ, ആരോപണങ്ങളോ തന്നെ ഏശില്ല. ജയിലിലടച്ചാലും താൻ ഭയക്കില്ല. മാപ്പ് പറയാൻ ഞാൻ സവാര്‍ക്കറല്ല. സത്യത്തിന് വേണ്ടി പോരാടുക എന്നത് മാത്രമാണ് തൻ്റെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു. വയനാട്ടിലെ ജനങ്ങൾ തൻ്റെ കുടുംബമാണ്. അവർക്ക് വിശദാംശങ്ങൾ അറിയിച്ച് കത്തെഴുതുമെന്നും രാഹുൽ വ്യക്തമാക്കി.
>
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam