രാഹുല്‍ ഗാന്ധി വിദേശത്തേക്ക്: കോണ്‍ഗ്രസിലെ പ്രതിസന്ധി ഇനിയും നീളാന്‍ സാധ്യത

By Asianet MalayalamFirst Published Jul 3, 2019, 12:53 PM IST
Highlights

സാമ്പത്തിക ക്രമക്കേടില്‍ എന്‍ഫോഴ്സമെന്‍റ് ഡയറക്ട്രേറ്റിന്‍റെ അന്വേഷണം നേരിടുന്ന പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര കുടലിലെ ശസ്ത്രക്രിയക്കായി വിദേശത്താണുള്ളത്. ഇദ്ദേഹത്തെ കാണാനായാണ് രാഹുലും സോണിയയും വിദേശത്തേക്ക് പോകുന്നത്. 

ദില്ലി: കോണ്‍ഗ്രസിലെ നേതൃപ്രതിസന്ധി തുടരുന്നു. അധ്യക്ഷസ്ഥാനം രാജിവയ്ക്കുമെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയെ പിന്തിരിപ്പിക്കാനുള്ള നീക്കങ്ങളൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല. വിദേശസന്ദര്‍ശനത്തിനായി രാഹുല്‍ ഈ ആഴ്ച പോകുന്ന സാഹചര്യത്തില്‍ എഐസിസി ആസ്ഥാനത്തിന് മുന്നില്‍ സമരം ചെയ്ത പ്രവര്‍ത്തകരും സ്ഥലംവിട്ടു. 

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ രൂപം കൊണ്ട് പ്രതിസന്ധി രാഹുല്‍ ഗാന്ധിയുടെ രാജിപ്രഖ്യാപനത്തോടെയാണ് രൂക്ഷമായത്. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുക്കണം എന്ന നിലപാടാണ് രാഹുല്‍ നേതാക്കളെ അറിയിച്ചത്. പകരക്കാരനെ കുറിച്ചുള്ള ചര്‍ച്ചകള്‍  തുടങ്ങിയെങ്കിലും  അതിനും രാഹുല്‍ മുഖം നല്‍കുന്നില്ല. പ്രവര്‍ത്തക സമിതി വിളിക്കുന്ന കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുന്നു. ഇതിനിടെയാണ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോകുന്നുവെന്ന വിവരം വരുന്നത്. ചികിത്സാര്‍ത്ഥം വിദേശത്തുള്ള സഹോദരീ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ സന്ദര്‍ശിക്കാനാണ് അദ്ദേഹം പോകുന്നത്. 

സാമ്പത്തിക ക്രമക്കേടില്‍ എന്‍ഫോഴ്സമെന്‍റ് ഡയറക്ട്രേറ്റിന്‍റെ അന്വേഷണം നേരിടുന്ന വദ്രക്ക് കുടലിലെ ശസ്ത്രക്രിയക്കായി അമേരിക്കയിലോ നെതര്‍ലാന്‍ഡ്സിലോ ചികിത്സ തേടാന്‍  സിബിഐ കോടതി അനുമതി നല്‍കിയിരുന്നു. പക്ഷേ ചികിത്സാകേന്ദ്രം എവിടെയെന്ന വിവരം പുറത്ത് വിട്ടിട്ടില്ല. അതിനാല്‍ രാഹുലിന്‍റെ സന്ദര്‍ശന വിവരങ്ങളും വ്യക്തമല്ല. ശനിയാഴ്ച സോണിയ ഗാന്ധിക്കൊപ്പം പോകുന്ന രാഹുല്‍ അടുത്ത ബുധനാഴ്ചയോടെ മാത്രമേ മടങ്ങിയെത്തൂ.  

സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കേരളത്തിലേക്ക് പോയതോടെ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ മരവിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനത്തില്‍ നിന്നും രാഹുല്‍ പിന്മാറണം എന്നാവശ്യപ്പെട്ട്  എഐസിസി ഓഫീസിന് മുന്നിലും ഓഫീസ് വളപ്പിലുമായി സമരം ചെയ്തു കൊണ്ടിരുന്ന പ്രവര്‍ത്തകര്‍ ഇന്നലെ രാത്രിയോടെ സമരം നിര്‍ത്തി. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം വിവിധ പാര്‍ട്ടിഘടകങ്ങളിലുണ്ടായ കൂട്ട രാജിയും നിലച്ചു.  രാഹുലിന്‍റെ പഴി ഏറെ കേട്ട പ്രവര്‍ത്തക സമിതിയില്‍ നിന്ന് പക്ഷേ അധികമാരും രാജി വച്ചിട്ടുമില്ല.

click me!