
സൂറത്ത്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സ്ഥിര ജാമ്യം അനുവദിച്ച് സൂറത്ത് സെഷന്‍സ് കോടതി. 'മോദി' പരാമർശത്തിലെ മാനനഷ്ടക്കേസിൽ ശിക്ഷിച്ച മജിസ്ട്രേറ്റ് കോടതി നേരത്തെ 30 ദിവസത്തേക്ക് ജാമ്യം അനുവദിച്ചിരുന്നു. അപ്പീൽ നൽകാനായിരുന്നു മജിസ്ട്രേറ്റ് കോടതി 30 ദിവസം ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെ ഇന്ന് രാഹുൽ സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയതോടെയാണ് സ്ഥിര ജാമ്യം ലഭിച്ചത്. ഏപ്രിൽ 13 ന് അപ്പീൽ പരിഗണിക്കുമെന്നും സൂറത്ത് സെഷൻസ് കോടതി വ്യക്തമാക്കി. അതുകൊണ്ടുതന്നെ കേസ് പരിഗണിക്കുന്ന 13 ാം തിയതി രാഹുലിന് ഏറെ നിർണായകമാകും.
ജയിൽ ശിക്ഷയും പിന്നെ പാർലമെന്‍റ് അംഗത്വത്തിന് അയോഗ്യതയിലേക്കും നയിച്ച അപകീര്‍ത്തി കേസില്‍ വിധി പുറപ്പെടുവിച്ച ഗുജറാത്തിലെ കോടതിയിലേക്ക് രാഹുല്‍ഗാന്ധി വീണ്ടും എത്തിയപ്പോൾ രാജ്യവും അതീവ ശ്രദ്ധയോടെയാണ് അത് നോക്കി കണ്ടത്. സൂറത്ത് സെഷന്‍സ് കോടതിയില്‍ രാഹിൽ നേരിട്ട് ഹാജരായാണ് രാഹുൽ അപ്പീൽ നൽകിയത്. കുറ്റവും ശിക്ഷയും റദ്ദാക്കണമെന്നതാണ് രാഹുൽ ഗാന്ധിയുടെ പ്രധാന ആവശ്യം. അപ്പീൽ പരിഗണിക്കാമെന്ന് വ്യക്തമാക്കി കോടതി ഇന്ന് ജാമ്യം അനുവദിച്ചതോടെ 10 നാൾ നിർണായകമാകും. ഏപ്രിൽ 13 ന് കോടതി ആവശ്യം അംഗീകരിച്ചാൽ അത് രാഹുൽ ഗാന്ധിക്ക് നേട്ടമാകും. പാർലമെന്‍റിൽ മടങ്ങിയെത്തി ഭരണപക്ഷത്തിനും പ്രധാനമന്ത്രിക്കുമെതിരായ വിമർശനം കടുപ്പിക്കാൻ രാഹുലിന് ആത്മവിശ്വാസം നൽകുകയും ചെയ്യും. എന്നാൽ സെഷൻസ് കോടതിയിൽ ഏപ്രിൽ 13 ന് തിരിച്ചടി നേരിട്ടാൽ മേൽക്കോടതികളിലേക്ക് കാത്തിരിപ്പ് തുടരേണ്ടിവരും.
'കുറ്റവാളികൾ സാധാരണ അപ്പീൽ നല്കാൻ സ്വയം കോടതിയിൽ പോകാറില്ല' രാഹുലിന്‍റേത് നാടകമെന്ന് ബിജെപി
അതേസമയം സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിൽ രാഹുല്‍ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രിമാര്‍ രംഗത്തെത്തി. കുറ്റവാളികൾ സാധാരണ അപ്പീൽ നല്കാൻ സ്വയം കോടതിയിൽ പോകാറില്ലെന്ന് നിയമമന്ത്രി കിരൺ റിജിജു പറഞ്ഞു. രാഹുലിന്‍റേത് നാടകമെന്നും അദ്ദേഹം പറഞ്ഞു. പിന്നാക്കകാരോട് രാഹുൽ ആദ്യം മാപ്പു പറയണമെന്ന് മന്തി അനുരാഗ് താക്കൂർ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam