
ദില്ലി: അടിയന്തര കോൺഗ്രസ് യോഗം വിളിച്ച് പാർട്ടി നേതൃത്വം. പാർട്ടി ഭാരവാഹികൾക്കൊപ്പം എം പിമാരോടും യോഗത്തിൽ പങ്കെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരായ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നടപടികൾ യോഗത്തിൽ ചർച്ചയാകും. രാഹുൽ ഗാന്ധി ഈ മാസം 13 ന് ഇഡിക്ക് മുൻപിൽ ഹാജരാകുമെന്നാണ് പാർട്ടി അറിയിച്ചിരിക്കുന്നത്. ഇത് വമ്പിച്ച പ്രതിഷേധ റാലിയോടെയാകണം എന്നാണ് തീരുമാനം. ഇതിന്റെ ഒരുക്കങ്ങൾ സംബന്ധിച്ച കാര്യങ്ങൾ യോഗം ചർച്ച ചെയ്യും.
എംപിമാർ, പ്രവർത്തക സമിതിയംഗങ്ങൾ, ലോക്സഭ, രാജ്യസഭ എം പിമാർ, സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ എന്നിവർ മാർച്ചിൽ അണിനിരക്കും. ഇതുമായി ബന്ധപ്പെട്ട് എല്ലാ നേതാക്കളോടും 12ന് ദില്ലിയിലെത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 13 നാണ് രാഹുൽ ഗാന്ധി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് മുൻപാകെ ഹാജരാകുന്നത്. കൊവിഡ് ഭേദമാകാത്തതിനാല്‍ സോണിയ ഗാന്ധി ഇന്ന് ഹാജരായിരുന്നില്ല.
കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോടും രാഹുൽ ഗാന്ധി ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. കള്ളപ്പണ നിരോധന നിയമത്തിലെ ക്രിമിനല്‍ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. 2012 ല്‍ മുന്‍ എം പി സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇഡി തുടര്‍നടപടി സ്വീകരിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്‍റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജോണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതില്‍ കള്ളപണ ഇടപാട് നടന്നുവെന്നാണ് കേസിനാസ്പദമായ പരാതി.
സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഏതാനും കോണ്‍ഗ്രസ് നേതാക്കളും ഡയറക്ടര്‍മാരായി 5 ലക്ഷം രൂപ മൂലധനവുമായി രൂപീകരിച്ച യങ് ഇന്ത്യ എന്ന കമ്പനിരണ്ടായിരം കോടി രൂപയിലേറെ ആസ്തിയുള്ള അസോസിയേറ്റഡ് ജേര്ണ്ണല്‍ എന്ന കമ്പനി തട്ടിയെടുത്തുവെന്നാണ് സു്ബ്രഹമ്ണ്യന്‍ സ്വാമിയുടെ പരാതി. വെറും അന്‍പത് ലക്ഷം രൂപയേ ഇടപാടിനായി നല്‍കിയുള്ളൂവെന്നും പരാതിയിലുണ്ട്. ദില്ലി കോടതിയില്‍ സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയില്‍ ഹാജരാകാന്‍ സോണിയക്കും, രാഹുലിനും ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു.കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗാന്ധി കുടുംബം നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്. യങ് ഇന്ത്യയെ ട്രസ്റ്റായി പരിഗണിക്കണമെന്ന ആവശ്യം നേരത്തെ നികുതി ട്രൈബ്യൂണല്‍ തള്ളിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam