
ഹൈദരാബാദ്: കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര അന്‍പത് ദിവസം പൂര്‍ത്തിയാക്കി. അന്‍പതാം ദിനം തെലങ്കാനയിലായിരുന്നു ജോഡോ യാത്രയുടെ പര്യടനം. കര്‍ഷകരോടും കര്‍ഷക സംഘടന പ്രതിനിധികളോടും രാഹുല്‍ സംസാരിച്ചു. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വിധവകളെയും അദ്ദേഹം കണ്ടു. സര്‍ക്കാര്‍ ഇനിയും സഹായധനം അനുവദിച്ചിട്ടില്ലെന്ന് പല കുടുംബങ്ങളും പരാതിപ്പെട്ടു.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയില്‍ കാര്‍ഷിക വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ദീപാവലി പ്രമാണിച്ചുള്ള ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് ജോഡോ യാത്ര തെലങ്കാനയിലെ മക്താലില്‍ നിന്ന് പുനരാരംഭിച്ചത്. ദീപാവലിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ അധികാരമേല്‍ക്കല്‍ ചടങ്ങും കണക്കിലെടുത്ത് ഭാരത് ജോഡോ യാത്രക്കിടെ മൂന്ന് ദിവസത്തേക്ക് ഇടവേള നല്‍കി രാഹുല്‍ ദില്ലിയിലേക്ക് പോവുകയായിരുന്നു.
നവംബർ ഒന്നിന് ഹൈദരാബാദ് നഗരത്തിലേക്ക് ജോഡോ യാത്ര പ്രവേശിക്കും. രാഹുല്‍ ഗാന്ധി ചാർമിനാറിൽ ദേശീയ പതാക ഉയർത്തുകയും നെക്ലേസ് റോഡിലെ ഇന്ദിരാ ഗാന്ധി പ്രതിമ സ്ഥിതി ചെയ്യുന്ന സ്ട്രീറ്റ് കോർണർ യോഗത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. ടിപിസിസി പ്രസിഡന്‍റ് എ രേവന്ത് റെഡ്ഡി, പാർലമെന്‍റ് അംഗം എൻ ഉത്തം കുമാർ റെഡ്ഡി, നിയമസഭാ കക്ഷി നേതാവ് ഭട്ടി വിക്രമർക്ക, മധു യാസ്‌കി ഗൗഡ് എന്നിവരുൾപ്പെടെ സംസ്ഥാന പ്രധാന നേതാക്കളെല്ലാം തെലങ്കാന സമ്മേളനത്തിൽ അദ്ദേഹത്തെ അനുഗമിക്കും.
അതേസമയം, കോണ്‍ഗ്രസിന് പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന തരത്തിലാണ് ജോഡോ യാത്ര പുരോഗമിക്കുന്നത്. കേരളം തമിഴ്നാട്,ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഭാരത് ജോഡോ യാത്രക്ക് മികച്ച സ്വീകരണമാണ് കിട്ടിയതെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. ബിജെപിക്കെതിരായ ജനവികാരം കര്‍ണാടകയിലെ യാത്രയില്‍ പ്രതിഫലിച്ചെന്ന് പാര്‍ട്ടി വക്താവ് ജയറാം രമേശ് വ്യക്തമാക്കി. കര്‍ഷകര്‍, യുവാക്കള്‍, സ്ത്രീകള്‍, വിദ്യാര്‍ത്ഥികളടക്കം സമൂഹത്തിന്‍റെ നാനാ തുറകളിലുള്ളവരുമായുള്ള രാഹുലിന്‍റെ സംവാദം വിജയകരമായിരുന്നുവെന്നും ജയറാം രമേശ് ദില്ലിയില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam