47 അംഗ സ്റ്റിംയറിംഗ് കമ്മിറ്റിയില്‍ നിന്നാകും സമിതി അംഗങ്ങളെ തെരഞ്ഞെടുക്കുക. പ്രവര്‍ത്തക സമിതി മുതല്‍ താഴേ തട്ട് വരെ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സാധ്യത സമിതി പരിശോധിക്കും.

ദില്ലി: കോണ്‍ഗ്രസ് പുനഃസംഘടനയെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതി. സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടുന്ന സമിതിയില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തുമോയെന്നതില്‍ വ്യക്തതയില്ല. അതേസമയം, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ റബ്ബര്‍ സ്റ്റാമ്പാവില്ലെന്നും, ശശി തരൂരിനെതിരെ പ്രവര്‍ത്തിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും കെ സി വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഉദയ്പൂര്‍ പ്രഖ്യാപനങ്ങളാണ് പുനഃസംഘടനയ്ക്ക് ആധാരമെങ്കിലും അതിന്‍റെ സാധ്യതകള്‍ വിശദമായി പരിശോധിക്കാനാണ് പ്രത്യേക സമിതിയെ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ നിയോഗിക്കുന്നത്. 47 അംഗ സ്റ്റിംയറിംഗ് കമ്മിറ്റിയില്‍ നിന്നാകും സമിതി അംഗങ്ങളെ തെരഞ്ഞെടുക്കുക. പ്രവര്‍ത്തക സമിതി മുതല്‍ താഴേ തട്ട് വരെ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സാധ്യത സമിതി പരിശോധിക്കും. കേരളത്തില്‍ ഇതിനോടകം നിലവില്‍ വന്ന രാഷ്ട്രീയ കാര്യ സമിതിയുടെ പ്രവര്‍ത്തനം മറ്റ് സംസ്ഥാനങ്ങളില്‍ സമിതി രൂപീകരിക്കുന്നതിന് മുന്‍പ് വിലയിരുത്തും. 

അന്‍പത് ശതമാനം തസ്തികകള്‍ അന്‍പത് വയസില്‍ താഴെയുള്ളവര്‍ക്കായി മാറ്റി വയ്കുമ്പോള്‍ മുതിര്‍ന്ന നേതാക്കളെ നേതൃനിരയില്‍ എങ്ങനെ ഉള്‍ക്കൊള്ളുമെന്നത് സംബന്ധിച്ചും സമിതി പരിശോധിക്കും. അധ്യക്ഷ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ പാര്‍ട്ടി നവീകരണവുമായി ബന്ധപ്പെട്ട് താന്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിക്കണമെന്ന് സോണിയ ഗാന്ധിയോട് ശശി തരൂര്‍ ആവശ്യപ്പെട്ടിരുന്നു. സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളെയാകും സമിതിയിലേക്ക് പരിഗണിക്കുന്നത് എന്നതിനാല്‍ തരൂര്‍ ഉള്‍പ്പെടുമോയെന്ന് വ്യക്തമല്ല. തീരുമാനങ്ങളില്‍ ഖര്‍ഗെക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് പ്രതികരിച്ച കെ സി വേണുഗോപാല്‍ തരൂരിന്‍റെ വഴിമുടക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പറഞ്ഞു.

രാഷ്ട്രീയ വിഷയങ്ങളില്‍ അധ്യക്ഷനെ സഹായിക്കാന്‍ ഒരു ഉപദേഷ്ടാവിനെയും നിയോഗിച്ചേക്കും. നേരത്തെ അഹമ്മദ് പട്ടേല്‍ വഹിച്ച പോലെ അധ്യക്ഷന്‍റെ രാഷ്ചട്രീയ ഉപദേഷ്ടാവ് സ്ഥാനം ഒരു മുതിര്‍ന്ന നേതാവിന് നല്‍കാനാണ് ആലോചന.