
ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിദേശ സന്ദര്‍ശനത്തിന് ശേഷം അടുത്താഴ്ച ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. എഎന്‍ഐ വാര്‍ത്ത ഏജന്‍സിയാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബര്‍ അവസാനമാണ് 'സ്വകാര്യ സന്ദര്‍ശനത്തിനായി' രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയത്. എന്നാല്‍ എവിടെക്കാണ് രാഹുല്‍ പോയത് എന്നത് ഔദ്യോഗികമായി കോണ്‍ഗ്രസ് അറിയിച്ചിരുന്നില്ല. എന്നാല്‍ ചില വൃത്തങ്ങളെ ഉദ്ധരിച്ച് രാഹുലിന്‍റെ യാത്ര ഇറ്റലിയിലേക്കാണ് എന്നായിരുന്നു വാര്‍ത്തകള്‍.
വളരെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാഹുലിന്‍റെ വിദേശ യാത്ര. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പഞ്ചാബില്‍ നടത്താനിരുന്ന റാലികള്‍ മാറ്റിവച്ചിരുന്നു. ഫെബ്രുവരിയിലോ മാര്‍ച്ചിലോ ആയിരിക്കും ഗോവ, മണിപ്പൂര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് സൂചന. ഇതിനകം ഈ സംസ്ഥാനങ്ങളില്‍ എല്ലാം തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.
കൊവിഡ് മൂന്നാം തരംഗത്തിലേക്ക് രാജ്യം കടന്നുവെന്ന് വ്യക്തമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ഒമിക്രോൺ വ്യാപനത്തിൽ ഇതാദ്യമായാണ് ഒരു മുഖ്യധാര രാഷ്ട്രീയ പാർട്ടി തെരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കുന്നത്. തീരുമാനത്തിൻ്റെ ഭാഗമായി ഇപ്പോൾ യുപിയിൽ നടക്കുന്ന വനിതാ കൂട്ടായ്മകളും പാർട്ടി റദ്ദാക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ്ഗനിർദ്ദേശം അനുസരിച്ചാവും പ്രചാരണത്തിലെ തുടർ നടപടികൾ തീരുമാനിക്കുക. യോഗി ആദിത്യനാഥ് ഇന്ന് യുപിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന റാലി ഒമിക്രോൺ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ റദ്ദാക്കിയിട്ടുണ്ട്.
അതേ സമയം നേരത്തെ രാഹുലിന്‍റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. 'രാഹുല്‍ ഗാന്ധി ഹ്രസ്വമായ ഒരു സ്വകാര്യ സന്ദര്‍ശനത്തിലാണ്, ബിജെപിയും അവരുടെ മാധ്യമ സുഹൃത്തുക്കളും അനാവശ്യമായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്' - കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല എഎന്‍ഐ വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചു.
അതേ സമയം പാര്‍ലമെന്‍റ് ശീതകാല സമ്മേളന കാലത്തും രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു. സമ്മേളനം തുടങ്ങിയതിന് പിറ്റെ ദിവസം വിദേശത്തേക്ക് പോയ രാഹുല്‍ സമ്മേളനം കഴിയുന്നതിന് തലേ ദിവസമാണ് തിരിച്ചെത്തിയത്. രാഹുലിന്‍റെ തുടര്‍ച്ചയായ വിദേശ സന്ദര്‍ശനങ്ങള്‍ ബിജെപി വളരെ ശക്തമായി ഉപയോഗിക്കുന്നുണ്ട്.
അതേ സമയം 2015 മുതല്‍ 2019വരെ രാഹുല്‍ ഗാന്ധി 247 വിദേശ സന്ദര്‍ശനം നടത്തിയെന്നാണ് മോദി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. ഏതാണ്ട് 150 ദിവസത്തോളമാണ് ഈ കാലയളവില്‍ രാഹുല്‍ വിദേശത്ത് കഴിഞ്ഞത്. കഴിഞ്ഞ മഹാരാഷ്ട്ര ഹരിയാന തെരഞ്ഞെടുപ്പിന് മുന്‍പ് രാഹുല്‍ ബാങ്കോക്കില്‍ പോയത് ഏറെ വിവാദമായിരുന്നു.
Read More: 'മകനേ മടങ്ങി വരൂ, വയനാട് കാത്തിരിക്കുന്നു'; രാഹുലിനെ കാൺമാനില്ലെന്ന പോസ്റ്ററുമായി സന്ദീപ് വാര്യർ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam