കുടിയേറ്റ തൊഴിലാളികൾ രാജ്യത്തിന്റെ സമ്പത്തെന്ന് രാഹുൽ; സർക്കാരിന്റെ വാ​ഗ്ദാനങ്ങൾ വെറുതെയായെന്ന് തൊഴിലാളികൾ

By Web TeamFirst Published May 23, 2020, 10:57 AM IST
Highlights

നേരത്തെ നടത്തിയ സംവാദത്തിന്റെ ദൃശ്യങ്ങളാണ് എഐസിസി ഇന്ന് പുറത്തുവിട്ടത്. ഒരു രാത്രി പെട്ടന്ന് രാജ്യം അടക്കുന്നു എന്ന് പറഞ്ഞാൽ തങ്ങളെപ്പോലുള്ള പാവങ്ങൾ എന്ത് ചെയ്യും എന്ന് തൊഴിലാളികൾ രാഹുൽ ഗാന്ധിയോട് ചോദിച്ചു.

ദില്ലി: കുടിയേറ്റ തൊഴിലാളികൾ രാജ്യത്തിന്റെ സമ്പത്താണെന്ന് രാഹുൽ ​ഗാന്ധി എംപി അഭിപ്രായപ്പെട്ടു. തൊഴിലാളികളുമായുള്ള സംവാദത്തിലായിരുന്നു രാഹുൽ ​ഗാന്ധിയുടെ പ്രസ്താവന. നേരത്തെ നടത്തിയ സംവാദത്തിന്റെ ദൃശ്യങ്ങളാണ് എഐസിസി ഇന്ന് പുറത്തുവിട്ടത്. ഒരു രാത്രി പെട്ടന്ന് രാജ്യം അടക്കുന്നു എന്ന് പറഞ്ഞാൽ തങ്ങളെപ്പോലുള്ള പാവങ്ങൾ എന്ത് ചെയ്യും എന്ന് തൊഴിലാളികൾ രാഹുൽ ഗാന്ധിയോട് ചോദിച്ചു.

തങ്ങളുടെ കൈവശം പണമില്ല. ഇപ്പോൾ തൊഴിലുമില്ല. നാട്ടിലേക്ക് മടങ്ങാൻ യാതൊരു വഴിയുമില്ലെന്നും തൊഴിലാളികൾ പറഞ്ഞു. സാധ്യമായ സഹായങ്ങളെല്ലാം ചെയ്യാമെന്ന് രാഹുൽ ​ഗാന്ധി അവർക്ക് ഉറപ്പ് നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദി വാ​ഗ്ദാനം ചെയ്ത പണം ഇതുവരെ കിട്ടിയിട്ടില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. എല്ലാ വാ​ഗ്ദാനങ്ങളും വെറുതെയായി. രാജ്യത്തെ കുടിയേറ്റ തൊഴിലാളികൾക്ക് 7500 രൂപ നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. സർക്കാരിന് പാവങ്ങളെക്കുറിച്ച് ചിന്ത ഇല്ല. കൊവിഡ് മൂലം അല്ല പട്ടിണികൊണ്ടാണ് തങ്ങൾ വലയുന്നതെന്നും തൊഴിലാളികൾ രാഹുൽ ​ഗാന്ധിയോട് പറഞ്ഞു.

ഹരിയാനയിൽ നിന്നുള്ള തൊഴിലാളികളെ രാഹുൽ ​ഗാന്ധി ഝാൻസിയിൽ എത്തിച്ചിരുന്നു. അതിന് തൊഴിലാളികൾ അദ്ദേഹത്തോട് നന്ദി പറയുകയും ചെയ്തു. 

click me!