
ന്യൂഡൽഹി: വനിതാ സംവരണ ബില്ലും ഡീലിമിറ്റേഷനും സംബന്ധിച്ച ഗൗരവകരമായ ചർച്ചകൾക്കിടയിലാണ് അമിത് ഷായെ പ്രിയങ്ക ഗാന്ധി ചിരിപ്പിച്ച സംഭവം രാഹുൽ ഗാന്ധി സഭയിൽ പങ്കുവെച്ചത്. ഒരു മൂത്ത സഹോദരൻ എന്ന നിലയിൽ തനിക്ക് വലിയ അഭിമാനം തോന്നിയ നിമിഷമായിരുന്നു അതെന്നും രാഹുൽ പറഞ്ഞു. സഭയെ ചിരിപ്പിച്ച പ്രിയങ്കയുടെ 'ചാണക്യ' പരാമർശമായിരുന്ന ചിരി പടര്‍ത്തിയത്. തലേദിവസം ചർച്ചയിൽ ഇടപെട്ട് സംസാരിക്കവേയാണ് പ്രിയങ്ക ഗാന്ധി അമിത് ഷായെ നേരിട്ട് അഭിസംബോധന ചെയ്തത്. "ആഭ്യന്തര മന്ത്രി ചിരിക്കുകയാണ്. അദ്ദേഹം എല്ലാ പദ്ധതികളും തയ്യാറാക്കി കഴിഞ്ഞു. ചാണക്യൻ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ നിങ്ങളുടെ രാഷ്ട്രീയ കുതന്ത്രങ്ങൾ കണ്ട് അദ്ദേഹം പോലും അമ്പരന്നു പോയേനെ, എന്നായിരുന്നു പ്രിയങ്കയുടെ വാക്കുകൾ.
പ്രിയങ്കയുടെ ഈ പരിഹാസം കലർന്ന വാക്കുകൾ കേട്ട് അമിത് ഷാ പൊട്ടിച്ചിരിക്കുകയായിരുന്നു. അദ്ദേഹം എല്ലാ പ്ലാനുകളും ഇട്ടിട്ടുണ്ട്, ഇപ്പോൾ ചിരിക്കുകയും ചെയ്യുന്നു. അദ്ദേഹം എന്നോട് യോജിക്കുന്നു എന്നാണ് ഇതിനർത്ഥം, എന്ന് പ്രിയങ്ക കൂട്ടിച്ചേർത്തതോടെ സഭയിലാകെ ചിരി പടർന്നു. തൊട്ടടുത്ത ദിവസം ലോക്സഭയിൽ സംസാരിക്കാൻ എഴുന്നേറ്റപ്പോഴാണ് രാഹുൽ ഈ സംഭവം എടുത്തുപറഞ്ഞത്."എന്റെ 20 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ എനിക്ക് സാധിക്കാത്ത ഒരു കാര്യം കഴിഞ്ഞ ദിവസം അഞ്ച് മിനിറ്റിനുള്ളിൽ എന്റെ സഹോദരി സാധിക്കുന്നത് ഞാൻ കണ്ടു. അമിത് ഷായെ ഒന്ന് ചിരിപ്പിക്കുക എന്നതായിരുന്നു അത്," രാഹുൽ പറഞ്ഞു. "ഇത് ഞാനും ശീലിക്കേണ്ടതും പഠിക്കേണ്ടതുമായ കാര്യമാണ്. ഒരു മൂത്ത സഹോദരൻ എന്ന നിലയിൽ എനിക്ക് വലിയ അഭിമാനം തോന്നി," അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ തമാശകൾക്ക് മുൻപ് വനിതകളുടെ പ്രാധാന്യത്തെക്കുറിച്ച് ഗൗരവകരമായ നിരീക്ഷണങ്ങളും രാഹുൽ പങ്കുവെച്ചു. സ്ത്രീകളാണ് നമ്മുടെ ദേശീയ കാഴ്ചപ്പാടിന്റെയും ഭാവനയുടെയും കേന്ദ്രശക്തി. ഈ സഭയിലുള്ള ഓരോ വ്യക്തിയും ജീവിതത്തിൽ സ്ത്രീകളിൽ നിന്ന് സ്വാധീനിക്കപ്പെടുകയോ ഒട്ടേറെ കാര്യങ്ങൾ പഠിക്കുകയോ ചെയ്തവരാണെന്നും രാഹുൽ ഓർമ്മിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam