ചോദ്യപ്പേപ്പർ ചോർച്ചയിൽ വീഡിയോ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ ബില്ല് അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അർധരാത്രിയിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് പ്രതികരണം.

ന്യൂഡൽഹി: നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ചയിൽ കൂടുതൽ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച രാത്രി 11:52 ഓടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. കുറ്റവാളികൾക്ക് കടുത്ത ശിക്ഷയും അതിവേഗ വിചാരണയും ഉറപ്പാക്കുന്ന കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ രൂപം നൽകുമെന്നും അടുത്തയാഴ്ച ബില്ല് പാർലമെൻ്റിൽ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ചോദ്യപ്പേപ്പർ ചോർച്ചയിൽ കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. അതേസമയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജിയെക്കുറിച്ച് വീഡിയോ സന്ദേശത്തിൽ പരാമർശമില്ല.

"സുഹൃത്തുക്കളെ, ചോദ്യപ്പേപ്പർ ചോർച്ച ഒരു സാധാരണ വിഷയമല്ലെന്ന് എനിക്കറിയാം. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഇത് വലിയ വേദനയുണ്ടാക്കുന്ന കാര്യമാണ്. ചോദ്യപ്പേപ്പർ ചോർച്ചാ സംഭവങ്ങൾക്ക് പിന്നാലെ സർക്കാർ അതിവേഗം നടപടിയെടുത്തു. അതുകൊണ്ടുതന്നെ, കഴിഞ്ഞ രണ്ടര മാസത്തിനിടെ നിരവധി സുപ്രധാന നടപടികൾ സ്വീകരിച്ചു. കുറ്റവാളികളെ പിടികൂടി, അവരിപ്പോൾ ജയിലിലാണ്"- പ്രധാനമന്ത്രി പറഞ്ഞു.

Scroll to load tweet…

വിദ്യാർത്ഥികളുടെ ഒരു അധ്യയന വർഷം നഷ്ടപ്പെടാതിരിക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. "വിദ്യാർത്ഥികളുടെ ഒരു വർഷം പാഴാകരുത് എന്നത് ഞങ്ങളുടെ പ്രധാന ഉത്തരവാദിത്തമായിരുന്നു. പരീക്ഷകൾ ഉടൻ നടത്തേണ്ടത് അത്യാവശ്യമായിരുന്നു. ഏകദേശം 22 ലക്ഷം വിദ്യാർത്ഥികൾക്കായി ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പരീക്ഷ നടത്താൻ സർക്കാർ അതിന്റെ മുഴുവൻ ശക്തിയും ഉപയോഗിച്ചു. അഞ്ചോ ആറോ ദിവസം മുൻപ്, 19-ാം തീയതി ഫലവും പ്രഖ്യാപിച്ചു. വിജയിച്ച വിദ്യാർത്ഥികളുടെ സന്തോഷവാർത്ത രാജ്യത്തിന്റെ പല ഭാഗത്തുനിന്നും വരുന്നുണ്ട്".

"അതുകൊണ്ട് മാത്രം തൃപ്തിപ്പെടുന്നവരല്ല ഞങ്ങൾ. അതുകൊണ്ടുതന്നെ, ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ ഞാൻ ഇന്ന് വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വകുപ്പുകൾ വിശ്രമമില്ലാതെ പ്രവർത്തിച്ച് ഇന്നലെ രാത്രി വൈകി എനിക്കൊരു കരട് രൂപം നൽകി. ഫാസ്റ്റ് ട്രാക്ക് കോടതികളും കടുത്ത ശിക്ഷയും ഉൾപ്പെടുന്ന ഈ കരട് നാളത്തെ മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യും. മന്ത്രിസഭയിലെ സഹപ്രവർത്തകരുടെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി ഇതിന് അന്തിമരൂപം നൽകും. തിങ്കളാഴ്ച പാർലമെന്റ് സമ്മേളനത്തിന്റെ രണ്ടാം വാരം ആരംഭിക്കുമ്പോൾ, ഈ ബിൽ എത്രയും പെട്ടെന്ന് സഭയിൽ പാസാക്കാൻ ശ്രമിക്കും. നമ്മുടെ യുവാക്കളുടെ ഭാവിക്കും ക്ഷേമത്തിനും മീതെ മറ്റൊന്നുമില്ല! അവരുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല"- മോദി പറഞ്ഞു.

നേരത്തെ, പരീക്ഷാ ക്രമക്കേടുകളിൽ ആദ്യമായി പ്രതികരിച്ച പ്രധാനമന്ത്രി, കുറ്റക്കാർക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ദില്ലി ഹൈക്കോടതി ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിച്ചു. ജസ്റ്റിസ് അനു ഗ്രോവർ ബലിഗ ഫാസ്റ്റ് ട്രാക്ക് കോടതി പ്രത്യേക ജഡ്ജിയാകും.