സിഎഎ പ്രതിഷേധക്കാര്‍ക്ക് നേരെ മര്‍ദ്ദനം; യുപി പൊലീസിനെതിരെ രാഹുലും പ്രിയങ്കയും ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍

By Web TeamFirst Published Jan 27, 2020, 7:23 PM IST
Highlights

സമരത്തിനിടെ നടന്ന മരണങ്ങളിലും അന്വേഷണം വേണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്തവര്‍ക്ക് നേരെ യുപി പൊലീസ് അക്രമം അഴിച്ചുവിട്ടതില്‍ അന്വേഷണമാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ കൊടിയ മര്‍ദ്ദനമാണ് യുപി പൊലീസ് നടത്തിയതെന്ന് ഇരുവരും പരാതിയില്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ മുഹ്സിന കിദ്വായി, സല്‍മാന്‍ ഖുര്‍ഷിദ്, പിഎല്‍ പുനിയ, ജിതിന്‍  പ്രസാദ, അഭിഷേക് സിംഗ്‍വി, രാജീവ് ശുക്ല, അജയ് കുമാര്‍ ലല്ലു എന്നിവര്‍ക്കൊപ്പമാണ് രാഹുലും പ്രിയങ്കയും എത്തിയത്. സമരത്തിനിടെ നടന്ന മരണങ്ങളിലും അന്വേഷണം വേണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിനിടെ ഉത്തര്‍പ്രദേശില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. നിയമത്തിനെതിരെ യുപിയില്‍ ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. സമരക്കാരെ പൊലീസ് അടിച്ചൊതുക്കുകയായിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. സമരത്തിനിടെ മര്‍ദ്ദനമേറ്റവരെയും കൊല്ലപ്പെട്ടവരുടെയും ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോയ പ്രിയങ്കാ ഗാന്ധിയെ പൊലീസ് തടഞ്ഞതും വന്‍ വിവാദമായി. പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ ഇരുചക്രവാഹനത്തിലും നടന്നുമാണ് പ്രിയങ്ക സന്ദര്‍ശനം നടത്തിയത്. പൊലീസ് തന്നെ കഴുത്തിന് പിടിച്ച് തള്ളിയെന്നും പ്രിയങ്ക ആരോപിച്ചിരുന്നു.  

click me!