Pegasus : പെഗാസസ് വെളിപ്പെടുത്തല്‍; മോദി സര്‍ക്കാര്‍ ചെയ്തത് രാജ്യദ്രോഹമെന്ന് രാഹുല്‍ ഗാന്ധി

By Web TeamFirst Published Jan 29, 2022, 2:47 PM IST
Highlights

ജനാധിപത്യ സംവിധാനങ്ങളെയും രാഷ്ട്രീയക്കാരെയും പൊതുജനത്തെയും നിരീക്ഷിക്കാനാണ്  മോദി സർക്കാർ പെഗാസസ് വാങ്ങിയതെന്നും രാഹുൽ ഗാന്ധി 

ദില്ലി: ഇസ്രയേലി (Israel) ചാരസോഫ്റ്റ്‍വെയറായ പെഗാസസ് (Pegasus)  ഇന്ത്യ വാങ്ങിയിരുന്നതായുള്ള ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തലില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. മോദി സർക്കാർ ചെയ്തത് രാജ്യദ്രോഹമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർ, പ്രതിപക്ഷ നേതാക്കൾ, സൈനിക ഉദ്യോഗസ്ഥർ, ജഡ്ജിമാർ എന്നിവരുടെ ഫോൺ ചോർത്തിയത് രാജ്യദ്രോഹമാണ്. ജനാധിപത്യ സംവിധാനങ്ങളെയും രാഷ്ട്രീയക്കാരെയും പൊതുജനത്തെയും നിരീക്ഷിക്കാനാണ്  മോദി സർക്കാർ പെഗാസസ് വാങ്ങിയതെന്നും രാഹുൽ ഗാന്ധി വിമര്‍ശിച്ചു. 

ഇസ്രയേലി ചാരസോഫ്റ്റ്‍വെയറായ പെഗാസസ് 2017 ല്‍ 200 കോടി രൂപയുടെ പ്രതിരോധ കരാറില്‍ ഉള്‍പ്പെടുത്തി ഇന്ത്യ വാങ്ങിയെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുമ്പോഴാണ് ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തല്‍ പുറത്ത് വരുന്നത്. എൻഎസ്ഒ ഗ്രൂപ്പുമായി യാതൊരു ഇടപാടും നടത്തിയിട്ടില്ലെന്നതായിരുന്നു വിഷയത്തില്‍ കേന്ദ്ര സർക്കാരിന്‍റെ ഇതുവരെയുള്ള നിലപാട്. എന്നാല്‍ 2017 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേലില്‍ നടത്തിയ സന്ദർശനത്തിനിടെ പെഗാസസ് വാങ്ങാന്‍ ധാരണയായതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.   

മിസൈല്‍ ഉള്‍പ്പെടെയുള്ള 200 കോടിയുടെ പ്രതിരോധ കരാറില്‍ ഉള്‍പ്പെടുത്തിയായിരുന്നു ചാരസോഫ്റ്റ്‍‍വെയറായ 
പെഗാസസ് വാങ്ങിയത്. പോളണ്ട്, ഹംഗറി, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കരാർ പ്രകാരം ഇസ്രയേല്‍ സോഫ്റ്റ്‍വെയര്‍ കൈമാറിയതായും പത്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. പെഗാസസ് ഉപയോഗിച്ച് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും അടക്കം നിരീക്ഷിച്ചുവെന്ന വെളിപ്പെടുത്തലില്‍ പാർലമെന്‍റില്‍ അടക്കം പ്രതിഷേധം നടന്നിരുന്നു. അടുത്തയാഴ്ച പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ചേരാനിരിക്കെയാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലും പുറത്ത് വരുന്നത്.

പ്രധാനമന്ത്രി മോദി ഉൾപ്പെട്ടാണ് കരാർ ഒപ്പിട്ടത് എന്നത് ഞെട്ടിക്കുന്നതാണെന്ന് കെ സി വേണു​ഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരു പാർലമെന്റ് സമ്മേളനം മുഴുവൻ സ്തംഭിച്ചത് ഈ വിഷയത്തിലാണ്. എന്നാൽ, ഒരു ബന്ധവുമില്ലെന്ന് സർക്കാർ പാർലമെന്റിൽ പറഞ്ഞു. ജനങ്ങളോട് സർക്കാർ പച്ചക്കള്ളം പറഞ്ഞു എന്ന് ഇപ്പോൾ വ്യക്തമായി. പാർലമെന്റിനേയും ജനങ്ങളെയും സർക്കാർ തെറ്റിദ്ധരിപ്പിച്ചു. ഇത് അവകാശലംഘനത്തിന്റെ കൂടെ പ്രശ്നമാണ്. പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും ഉത്തരം പറഞ്ഞേ മതിയാകു. പാർലമെൻറിൽ വിഷയം ശക്തമായി ഉന്നയിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. 

click me!